1

വിഴിഞ്ഞം: മുല്ലൂർ പോസ്റ്റ് ഓഫീസിന് നഗരസഭയുടെ കുടിയിറക്ക് ഭീഷണി. നഗരസഭ - വിഴിഞ്ഞം മേഖല ഓഫീസിന്റെ മുല്ലൂർ ലൈബ്രറി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസിനാണ് വാടക കുടിശ്ശികയുടെ പേരിൽ നഗരസഭ കത്ത് അയച്ചിരിക്കുന്നത്. 2018 മുതൽ മാസം 5000 രൂപ വച്ച് 3,92,850 രൂപ അടയ്ക്കണമെന്ന് കാണിച്ചാണ് മുല്ലൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിൽ നിന്ന് കത്ത് അയച്ചത്.

2018ൽ വാർഡ് കൗൺസിലർ ഓമനയും റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും ചേർന്ന് സൗജന്യമായി പ്രവർത്തിക്കുന്നതിനാണ് ഇവിടെ സൗകര്യം ഒരുക്കിയതെന്ന് പോസ്റ്റ് ഓഫീസ് അധികൃതർ പറഞ്ഞു. നിന്നുതിരിയാൻ ഇടമില്ലാത്ത കുടുസുമുറിയിൽ വർഷങ്ങളോളം വൈദ്യുതി പോലും ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് വൈദ്യുതി കണക്ഷൻ ലഭിച്ചത്. അതിനു പിന്നാലെ നഗരസഭയുടെ കത്തും ലഭിച്ചു.

കേന്ദ്ര സർക്കാർ സ്ഥാപനമാണെങ്കിലും ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലെ ജീവനക്കാർ തുച്ഛമായ വരുമാനം ലഭിക്കുന്ന എക്സ്ട്രാ ഡിപ്പാർട്ട്മെന്റ് (ഇ.ഡി) ജീവനക്കാരാണ്. ബ്രാഞ്ച് പോസ്റ്റ് ഓഫീസിന്റെ വൈദ്യുതി ബില്ല്, വാട്ടർ ബില്ല് എന്നിവ ജീവനക്കാർ കൈയിൽ നിന്നും കൊടുക്കുകയാണ്. ഇതിനോടൊപ്പം പ്രവർത്തിക്കുന്ന ലൈബ്രറിക്കും ആരോഗ്യ കേന്ദ്രത്തിനും വാടക ഇല്ല. ആരോഗ്യ കേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും ഉൾപ്പെടെയുള്ള വൈദ്യുതി ചാർജ് പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് അടയ്ക്കുന്നത്.

യാതൊരു സാമ്പത്തികലാഭവും ഇല്ലാതെ ജനസേവനത്തിനായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പൂർണമായും സൗജന്യമായി പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വാർഡ് കൗൺസിലർ മുല്ലൂർ ഓമന ആവശ്യപ്പെട്ടു.