പോത്തൻകോട്: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 1ന് സ്വാമി ശാശ്വതികാനന്ദ സമാധി ദിനാചരണം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സ്വാമി ശാശ്വതികാനന്ദയുടെ സമാധിദിനം സംസ്ഥാനത്ത് മതാതീത ദിനമായി ആചരിക്കുമെന്ന് ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ പറഞ്ഞു.
ജൂലായ് ഒന്നിന് രാവിലെ ശിവഗിരിയിൽ നടക്കുന്ന പ്രത്യേക ഗുരുപുജയിലും സ്വാമി ശാശ്വതികാനന്ദയുടെ സ്‌മൃതി ഭൂമിയിൽ നടക്കുന്ന പ്രാർത്ഥനയിലും സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി ഗുഭാംഗാനന്ദ, സ്വാമി വിദ്യാനന്ദ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4ന് വാവറമ്പലത്തുള്ള ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിൽ സമാധി വാർഷിക ദിനാചരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടക്കും.
ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന ചെയർമാൻ കെ.എസ്. ജ്യോതിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാധി ദിനാചരണം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. സ്വാമി സുഖാകാശ സരസ്വതി ആത്മീയ പ്രഭാഷണം നടത്തും. ഡോ.ബി. സീരപാണി ഗുരു പ്രഭാഷണവും അയിലം ഉണ്ണിക്കൃഷ്ണൻ മുഖ്യ പ്രസംഗവും നടത്തും. ആത്മീയ കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ സ്വാഗതവും കരിക്കകം ബാലചന്ദ്രൻ നന്ദിയും പറയും.