p

തിരുവനന്തപുരം: ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സിയുടെ ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്ന് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചില്ലെങ്കിൽ ഇക്കൊല്ലം വിദൂര, പ്രൈവറ്റ് കോഴ്സുകൾ നടത്താൻ മ​റ്റു സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്റി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി.സി അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിക്കും. പ്രൈവ​റ്റ് രജിസ്‌ട്രേഷൻ വഴിയുള്ള കോഴ്സുകളിലേക്ക് പ്രവേശനനടപടികൾ ആരംഭിക്കരുതെന്ന് ഇതര സർവകലാശാലകളെ അറിയിച്ചത് ഈ സാഹചര്യത്തിലാണ്. മ​റ്റു സർവകലാശാലകളിലെ റെഗുലർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ. സാധാരണഗതിയിൽ ഈ പ്രവേശനം പൂർത്തീകരിച്ച ശേഷമാണ് വിദൂരവിദ്യാഭ്യാസം, പ്രൈവ​റ്റ് രജിസ്‌ട്റേഷൻ വഴിയുള്ള പ്രവേശന നടപടികൾ. ഓപ്പൺ സർവകലാശാലയ്ക്ക് 2021ൽ തന്നെ ഓപ്പൺ ഡിസ്​റ്റൻസ് ലേണിംഗ് രീതിയിൽ പ്രവർത്തിക്കാൻ യുജിസിയിൽ നിന്ന് അനുമതി ലഭിച്ചതാണ്. 12 യു.ജി കോഴ്സുകളും 5 പി.ജി കോഴ്സുകളും ഈ വർഷം തുടങ്ങാൻ നടപടികൾ പൂർത്തിയാവുകയാണ്. ടി. വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിനാണ് മന്ത്രി മറുപടി നൽകിയത്.