
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ പ്രചരണ പര്യടനത്തിന് തുടക്കം കുറിച്ച് ഇന്ന് സംസ്ഥാനത്തെ എം.പിമാരെയും എം.എൽ.എമാരെയും കാണും. ഇന്നലെ രാത്രിയോടെ അദ്ദേഹം തലസ്ഥാനത്തെത്തി. ഉച്ച കഴിഞ്ഞ് 3ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ആദ്യം ഭരണപക്ഷത്തെ എം.പിമാരെയും എം.എൽ.എമാരെയുമാണ് യശ്വന്ത് സിൻഹ കാണുക. വൈകിട്ട് 4ന് പ്രതിപക്ഷത്തെ എം.പിമാരെയും എം.എൽ.എമാരെയും കാണും. രാത്രി ഏഴിന് തൈക്കാട് ഗാന്ധിഭവനിൽ സിൻഹയ്ക്ക് പൗരസ്വീകരണവുമുണ്ട്. ജില്ലാ പത്രപ്രവർത്തക യൂണിയൻ മുഖാമുഖം പരിപാടിയും വൈകിട്ട് നിശ്ചയിച്ചിട്ടുണ്ട്. രാത്രി മാസ്കോട്ട് ഹോട്ടലിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 9ന് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് പോകും.