തിരുവനന്തപുരം:വർഗ്ഗീയ,ഫാസിസ്റ്റ് ശക്തികൾക്കെതിരെ പുരോഗമന ചിന്താഗതിക്കാരുടെ വിപുലമായ പ്രതിരോധ കൂട്ടായ്മ തീർക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കണിയാപുരം രാമചന്ദ്രന്റെ നാടക, ചലച്ചിത്ര ഗാനങ്ങളുടെയും കവിതകളുടെയും സമാഹാരമായ 'മാനിഷാദ! മനസ് കരയുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വർഗീയ, ഫാസിസത്തിനെതിരെ നാടകങ്ങളിലൂടെയും ഗാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം കലഹിച്ച കമ്മ്യൂണിസ്റ്റായിരുന്നു കണിയാപുരമെന്ന് കാനം അനുസ്മരിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യ വിമർശകൻ ഡോ. സോമൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കണിയാപുരത്തിന്റെ ഭാര്യ ജി. വസന്തലക്ഷ്മി, എൻ.ഇ.ഗീത, നവയുഗം പത്രാധിപർ ആർ.അജയൻ, സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം പൂവച്ചൽ രത്നാകരൻ, പുസ്തകത്തിന്റെ എഡിറ്റർ വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.