വർക്കല: അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ഇടവ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും വെൺകുളം ഗവ.എൽ.പി സ്കൂളിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂളിന് സുരക്ഷാഭീഷണി ഉണ്ടെന്നും അദ്ധ്യാപകരും വിദ്യാർത്ഥികളും ഭീതിയിലാണെന്നുമാണ് പ്രചാരണം. സ്കൂൾ ഒാഡിറ്റോറിയത്തിന്റെ സീലിംഗ് ഇളകിവീണതുമായി ബന്ധപ്പെട്ടാണ് ഇത്തരം ആരോപണങ്ങൾ . 2019 ൽ 778390 രൂപ ചെലവഴിച്ചാണ് ആഡിറ്റോറിയം നിർമ്മിച്ചത്. കരാറുകാരന്റെ വീഴ്ചമൂലമാണ് സീലിംഗ് ഇളകിവീണത്. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒാടയം സ്കൂളിൽ നിന്നു മുറിച്ച മരത്തിന്റെ കഷണങ്ങൾ വെൺകുളം സ്കൂളിൽ കൊണ്ടിട്ടതുമായി ബന്ധപ്പെട്ടാണ് മറ്റൊരു ആരോപണം. ഹെഡ്മാസ്റ്ററുടെ അറിവോടെ മരത്തിന്റെ കരാറെടുത്ത ഗ്രാമപഞ്ചായത്ത് മുൻഅംഗം അശോക് കുമാറാണ് തടികൾ അവിടെ കൊണ്ടിട്ടത്. ഇത് ഗ്രാമപഞ്ചായത്ത് അറിഞ്ഞിരുന്നില്ല. സ്കൂളിലെ ഒരു താല്കാലിക നിയമനം ഗ്രാമപഞ്ചായത്ത് അറിയാതെ ഹെഡ്മാസ്റ്റർ നടത്തിയത് തടയുകയും ഹെഡ്മാസ്റ്ററെ നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തിട്ടുണ്ട്. ഹെഡ്മാസ്റ്ററും മുൻ ഗ്രാമപഞ്ചായത്തംഗവും ചേർന്നാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷദ്സാബു, വി,സതീശൻ, വാർഡ് മെമ്പർമാരായ റിയാസ് വഹാബ്, ജെസ്സി.ബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.