
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പഴഞ്ചിറ വലിയകുളം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണിയായി മാറാനൊരുങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയാണ് പഴഞ്ചിറയ്ക്ക് ഈ മാറ്റം സമ്മാനിക്കുന്നത്.
ഇതോടെ ചിറയിൻകീഴ് മേഖലയിലെ കുടിവെള്ളക്ഷാമത്തിനുകൂടി ശാശ്വതമായ പരിഹാരമാകും.
പദ്ധതിയിലുൾപ്പെടുത്തി കുളത്തിലെ ജലം ശുദ്ധീകരിച്ച് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ എത്തിക്കുന്നതോടെ ജില്ലയിലെ ആദ്യത്തെ ശുദ്ധജല പദ്ധതി എന്ന ഖ്യാതി കൂടി പഴഞ്ചിറയ്ക്ക് സ്വന്തമാവും. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം സ്ഥലത്തെത്തി നാട്ടുകാർക്കായി പദ്ധതി വിശദീകരിച്ചു. കുളത്തിന് ചുറ്റും 3500 ചതുരശ്ര അടിയിൽ കയർ ഭൂവസ്ത്രം വിരിച്ച ശേഷം മുളവച്ചു പിടിപ്പിക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴരലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ നബാർഡിന്റെ സഹകരണത്തോടെ ഇവിടെ ശുദ്ധജല സംഭരണി നിർമിച്ച് പഞ്ചായത്തിലെ കുടിവെളളക്ഷാമം നേരിടുന്ന വാർഡുകളിൽ ജല വിതരണം നടത്തും. കേന്ദ്ര സംഘത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂർ ഗുപ്ത, സി.ഡബ്ല്യൂ.പി.ആർ.എസ് ടെക്നിക്കൽ ഓഫീസർ രാജ്കുമാർ എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്. പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
പള്ളിമുക്ക് ആറ്റിങ്ങൽ റോഡിൽ പഴഞ്ചിറ ഭാഗത്തുള്ള ഈ കുളം നെൽക്കൃഷിക്ക് ജലസേചനത്തിനായി രാജവാഴ്ചക്കാലത്ത് നിർമിച്ചതാണ്.ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായാണ് പഴഞ്ചിറ കുളം വ്യാപിച്ചു കിടക്കുന്നത്. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് അടിയിൽ തടിപാകി അതിനുമുകളിൽ കക്കയിട്ട് പഴഞ്ചിറ കുളം നിർമ്മിച്ചത്. കൃഷിക്കുള്ള ജലം ഈ കുളത്തിൽ നിന്നാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്.
വനം, ഫിഷറീസ്, മണ്ണു സംരക്ഷണം, കാർഷിക വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി. മേൽനോട്ടത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കളക്ടർ അദ്ധ്യക്ഷനായും എം.ജി.എൻ.ആർ.ഇ.ജി.എസ്. ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ കൺവീനറായും ഒരു കമ്മിറ്റിയുണ്ട്. പദ്ധതി വിലയിരുത്തുന്നതിനായി ഒരു വെബ് പോർട്ടലുമുണ്ട്. കുടിവെള്ളം, ജലസേചനം, മത്സ്യക്കൃഷി പ്രോത്സാഹനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.ഒരു കുളം നിർമിക്കാൻ 9 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ദേശീയ പഞ്ചായത്തുദിനത്തിൽ പ്രധാനമന്ത്രിയാണ് അമൃത് സരോവർ എന്ന പദ്ധതി പ്രഖ്യാപിച്ചത്. ഭാവിതലമുറയ്ക്കായി ജലം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, 2022 ഏപ്രിൽ 24-ന് പ്രധാനമന്ത്രി തുടക്കമിട്ട മിഷൻ അമൃത് സരോവർ എന്ന പദ്ധതിയിലൂടെ രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.