ആറ്റിങ്ങൽ: നേമത്തെ റെയിൽവേ കോച്ച് ടെർമിനൽ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് അഡ്വ. അടൂർ പ്രകാശ് എം.പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തുനൽകി. 2019 നവംബറിൽ നേമം കോച്ച് ടെർമിനൽ പദ്ധതിക്കായി 117 കോടി രൂപയുടെ ഡി.പി.ആർ സമർപ്പിച്ചിരുന്നു. ഒരു കാരണവുമില്ലാതെ അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. 2021 ഡിസംബറിൽ നടന്ന ലോക്‌സഭാ സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ഡി.പി.ആർ പരിശോധിച്ചുവരികയാണ് എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് എം.പി പറഞ്ഞു.
പദ്ധതിക്കായി റെയിൽവേയുടെ 50 ഏക്കറോളം ഭൂമി ഉള്ളപ്പോൾ അത് നടപ്പാക്കുന്നതിൽ നിന്ന് വകുപ്പ് പിന്നാക്കം പോകുന്നതിൽ ജനങ്ങൾക്ക് സംശയമുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും എം.പി ആവശ്യപ്പെട്ടു.
| 
 | 
 |