ss

തിരുവനന്തപുരം: കേരളത്തിന്റെ ഖോ ഖോ താരം അഖിലയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്നാണ്.വീടിന്റെ താക്കോൽദാനം നാടാകെ അറിയച്ചതിനൊടുവിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻ മന്ത്രി എം.എം. മണി അഖിലയ്ക്ക് കൈമാറിയിരുന്നു. സംസ്ഥാന ഖോ-ഖോ സീനിയർ ടീമിലും കോഴിക്കോട് സർവകലാശാല ടീമിലും അംഗമായ അഖിലയുടെ ദുരിതം കഴിഞ്ഞ ജൂലായ് 21ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സി.പി.എം മംഗലപുരം ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും മുൻകൈയെടുത്ത് ഒരു വ‌ർഷത്തിനുള്ളിൽ 650 ചതുരശ്ര അടിയിലുള്ള വീട് നിർമ്മിച്ചു നൽകിയത്.

ചൊവ്വാഴ്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.അജയകുമാർ, ഏരിയാ സെക്രട്ടറി മധു മുല്ലശേരി എന്നിവർ ചേർന്ന് അഖിലയുടെ വീടിന്റെ നാട മുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മുൻമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു.സി.പി.എം മംഗലപുരം ലോക്കൽ കമ്മിറ്രി സെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ അബ്ദുൾസലാം, കൺവീനർ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

'ഇപ്പോഴാണ് സുരക്ഷിതയായത്. ഏതു നിമിഷവും തകർന്നു വീഴാവുന്ന മൺവീട്ടിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറാൻ കഴിഞ്ഞിരിക്കുന്നു. കേരളകൗമുദിയോട് എന്നും നന്ദിയുണ്ടായിരിക്കും.പിന്നെ ഈ വീട് യാഥാർത്ഥ്യമാക്കിയ സി.പി.എമ്മിനോടും..' മംഗലപുരം കൈലാത്തുകോണം കുറക്കടയിലെ അലപ്പുറത്തെ പുതിയ വീടിന്റെ ഉമ്മറത്തിരുന്ന് ഇങ്ങനെ പറയുമ്പോൾ അഖിലയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കമുണ്ടായിരുന്നു.ആ സന്തോഷത്തിൽ മാതാവ് സിന്ധുവും പിതാവ് സുനിൽകുമാറും പങ്കുചേർന്നു.

അഖിലയുടെ ദുരവസ്ഥ കേരളകൗമുദിയെ അറിയിച്ചത് സ്പോർട്സ് കൗൺസിലിലെ ഖോ ഖോ പരിശീലകൻ ഷോബിയായിരുന്നു. പരിശീലനകാലത്ത് ഹോസ്റ്റലിൽ കഴിയുന്ന അഖില അതു കഴിയുമ്പോഴും ഹോസ്റ്റലിൽ തന്നെ തുടർന്നിരുന്നു. വീട് സുരക്ഷിതമല്ലെന്നായിരുന്നു അഖില കാരണമായി പറഞ്ഞിരുന്നത്. തുടർന്ന് തോന്നയ്ക്കൽ കുടവൂർ സ്വദേശിയായ ഷോബി നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഏതു നിമിഷവും തകരാവുന്ന വീട്ടിലാണ് അഖില കഴിയുന്നതെന്ന് വ്യക്തമായത്.