തിരുവനന്തപുരം:ജനങ്ങളുടേയോ,രാജ്യത്തിന്റേയോ താൽപര്യത്തിനല്ല സ്വന്തം രാഷ്ട്രീയ വിജയത്തിനായി കേന്ദ്രസർക്കാർ ഇ.ഡി.യെ ദുരുപയോഗം ചെയ്യുകയാണെന്ന് സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കുറ്റപ്പെടുത്തി.പത്രപ്രവർത്തക യൂണിയന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയസംഭവവികാസങ്ങളിൽ ഇ.ഡി.യേയും ഗവർണർ പദവിയും കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്. അവിടത്തെ ഭരണപ്രതിസന്ധിക്ക് പിന്നിൽ ബി.ജെ.പി.യും കേന്ദ്രസർക്കാരുമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും വലിയ ഗൂഢാലോചനയായിരുന്നു.എത്ര കള്ളനോട്ട് കണ്ടെത്തിയെന്ന കണക്ക് ഇതുവരെ പുറത്തുപറയാത്തതിന് കാരണവും അതാണ്. ജനങ്ങൾക്ക് കൃത്യസമയത്ത് നീതിയും സഹായവും ലഭിക്കാത്ത സാഹചര്യമാണ് ഇന്ത്യയിലുള്ളത്. പൗരത്വപ്രശ്നം,കാശ്മീർ വിഷയം എന്നിവയിൽ നൽകപ്പെട്ട ഹർജികൾ തീർപ്പാക്കിയിട്ടില്ല.
രാഷ്ട്രപതി സ്ഥാനാർത്ഥിയെന്ന നിലയിൽ കേരളത്തിലെത്തിയപ്പോൾ ഭരണമുന്നണിയിൽ നിന്ന് ആരും സ്വീകരിക്കാൻ എത്താത്തതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ഇവിടെ നല്ല പ്രതികരണമാണ് കിട്ടിയത്. മുഖ്യമന്ത്രി തന്നെക്കുറിച്ച് നല്ലവാക്കുകൾ പറയുകയും ചെയ്തു. സിൻഹ പറഞ്ഞു.