തിരുവനന്തപുരം:സിവിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് സ്വീകരണം നൽകി. ജനറൽ ആശുപത്രി ജംഗ്ഷന് സമീപം ഐസഫ് സെന്ററിൽ നടത്തിയ ചടങ്ങിൽ വിവിധ സംഘടന ഭാരവാഹികൾ സ്ഥാനാർത്ഥിയെ ഷാളുകൾ അണിയിച്ചും പൂച്ചെണ്ട് നൽകിയും ആശംസകൾ നേർന്നു. താൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും ജനാധിപത്യം നിലനിറുത്താനുള്ള പോരാട്ടം തുടരുമെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നതുതന്നെ വലിയ തോൽവികളിൽ നിന്നായിരുന്നു.എന്നാൽ അതിനെയെല്ലാം മറികടന്ന് ഏറ്റവും കുറവ് ഭൂരിപക്ഷം നൽകിയ ബീഹാറിലെ ഹസാരിബാഗ് മണ്ഡലത്തിൽ നിന്നുതന്നെ വിജയിച്ച് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കഠിനാദ്ധ്വാനവും ജനങ്ങളുടെ പിന്തുണയുമാണ് കരുത്തായത്.അദ്ധ്യാപകനായ ബിന്നി സാഹിതിയുടെ സ്വാതന്ത്ര്യസമരവും നവോത്ഥാന നായകരും എന്ന പുസ്തകം യശ്വന്ത് സിൻഹ പ്രകാശനം ചെയ്തു. സുധീന്ദ്ര കുൽക്കർണി,ഡോ.എൻ. രാധാകൃഷ്ണൻ,ഒ.സജിത എന്നിവർ സംസാരിച്ചു.