വിതുര: വിതുര പഞ്ചായത്തിലെ മണലി വാർഡിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് അംഗങ്ങളും, ബി.ജെ.പി അംഗങ്ങളും ആവശ്യപ്പെട്ടു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ് പ്രതിനിധാനം ചെയ്യുന്ന മണലി വാ‌‌ർഡിൽ മാർച്ച് 26 നാണ് ആനപ്പാറ തലത്തൂതക്കാവ് ട്രൈബൽ സ്കൂളിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടന്നത്.19,325 രൂപയാണ് പഞ്ചായത്തിൽ നിന്ന് ഭക്ഷണത്തിന്റെ പേരിൽ വാങ്ങിയത്.

ഇത് ക്രമവിരുദ്ധമാണെന്നും, തൊഴിലാളികളിൽ നിന്ന് സംഗമത്തിനായി തുക പിരിച്ചിരുന്നുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയെ പ്രതിപക്ഷാംഗങ്ങൾ ഉപരോധിച്ചിരുന്നു.എന്നാൽ ക്രമവിരുദ്ധമായി പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നാണ് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് പറയുന്നത്.

സംഭവം അന്വേഷിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അറിയിച്ചു. അനധികൃതമായി പഞ്ചായത്ത് പണം ചെലവഴിച്ചതായി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകിയതായി ബി.ജെ.പി അംഗങ്ങളായ മാൻകുന്നിൽ പ്രകാശും കെ.തങ്കമണിയും അറിയിച്ചു.

പഞ്ചായത്ത് ഫണ്ടിൽ നടന്ന തിരിമറികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അംഗങ്ങളായ മേമല വിജയൻ, ആനപ്പാറ വിഷ്ണു, ജി.ഗിരീശൻ, എസ്. ലതാകുമാരി,ജി.സുരേന്ദ്രൻനായർ എന്നിവർ അറിയിച്ചു.

ഏതായാലും ഫണ്ട് വിനിയോഗത്തെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോർവിളി മുറുകിയിരിക്കുകയാണ്.

ഭരണം അട്ടിമറിക്കാൻ ശ്രമമെന്ന് എൽ.ഡി.എഫ്

ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ പൂർത്തീകരിച്ച വിതുര പഞ്ചായത്ത് ഭരണസമിതിയെയും വാർഡ്മെമ്പറെയും അപകീർത്തിപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് അപവാദപ്രചാരണങ്ങൾ നടത്തുകയാണെന്നും, ക്രമവിരുദ്ധമായി പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്നും സി.പി.ഐ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി എം.എസ്.റഷീദും സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാറും സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലാർ അജിലും അറിയിച്ചു.