bus

നെയ്യാറ്റിൻകര: കരമന-കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിലെ വളവിൽ കെ.എസ്.ആർ.ടി.സി ബസും വി.എസ്.എസ്.സി ബസും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കുപറ്റി. വീതികുറഞ്ഞ റോഡിൽ ഇരുബസുകളുടെയും അമിതവേഗമാണ് അപകടത്തിനിടയാക്കിയത്.

ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു അപകടം. വി.എസ്.എസ്.സി ജീവനക്കാരെ കൊണ്ടുവരാൻ തിരുവനന്തപുരത്തു നിന്ന് പാറശ്ശാലയ്ക്കപോയ ബസും പാറശ്ശാല നിന്ന് കൊട്ടാരക്കരയ്ക്കു പോകുകയായിരുന്ന പാറശ്ശാല ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാർ ഇരിക്കുന്ന വശങ്ങളിലാണ് ഇടിയേറ്റത്. വി.എസ്.എസ്.സി ബസിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സി ബസിൽ 20ഓളം യാത്രക്കാരുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർ കുളത്തൂ‌ർ സ്വദേശി അനിൽകുമാർ, വി.എസ്.എസ്.സിയുടെ ഡ്രൈവർ പേട്ട സ്വദേശി സുരേഷ് കുമാ‌‌ർ (55) എന്നിവരുടെ കാലുകൾക്ക് സാരമായി പരിക്കേറ്റു. കണ്ടക്ടർ പ്രവീണിനെയും യാത്രക്കാരായ 12പേരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാരപരിക്കേറ്റ 3 പേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. യാത്രക്കാർക്ക് ബസിന്റെ കമ്പികളിലും സീറ്റുകളിലും ഇടിച്ച് മുഖത്തും ശരീരത്തും ചതവ് പറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. നെയ്യാറ്റിൻകര പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിലെ വളവിൽ നിയന്ത്രണംവിട്ട് പ്രഭാത സവാരി നടത്തുകയായിരുന്ന 2 പേരെ ഇടിച്ചിരുന്നു. ഇതിൽ സി. ജയകുമാർ (65)എന്നയാൾ ചൊവ്വാഴ്ച മരിക്കുകയുണ്ടായി. ഗുരുതര പരിക്കേറ്റ വഴുതൂർ സ്വദേശി ശ്രീകണ്ഠൻ നായർ (64) ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അതിരാവിലെ റോഡുകളിൽ തിരക്ക് കുറവായതിനാൽ കെ.എസ്.ആർ.ടി.സി ബസുകളുൾപ്പെടെ വലിയ വാഹനങ്ങൾ പൊതുവേ അമിതവേഗതയിലായിരിക്കും. ഇതാണ് പലപ്പോഴും അപകടങ്ങൾക്കുകാരണം.