തിരുവനന്തപുരം: രംഗകലാകേന്ദ്രം ആരംഭിച്ചാൽ വർക്കല, കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമാകുമെന്ന് സംവിധായകനും രംഗകലാകേന്ദ്രം ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരംഭിക്കുന്നതിന് മുൻപുതന്നെ രംഗകലാകേന്ദ്രം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവർക്കുൾപ്പെടെ കേരളത്തിന്റെ തനതായ കലകൾ ആസ്വദിക്കാനും പഠിക്കാനുമുള്ള സൗകര്യമുണ്ട്.രംഗകലാകേന്ദ്രത്തിന്റെ പ്രവർനോദ്ഘാടനം നാളെ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.വി.ജോയി എം.എൽ.എ, മന്ത്രി സജി ചെറിയാൻ അടൂർ പ്രകാശ് എം.പി ഉൾപ്പെടെ സംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിന് പ്രശ്സത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയും സംഘവും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരിയും പ്രത്യേകതയുള്ളതാണ്. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം കൃതി കർണാടക സംഗീത രൂപത്തിലാക്കിയാണ് കച്ചേരി നടത്തുന്നത്.ഇത് കോട്ടയം ഭരണങ്ങാനത്ത് വച്ച് താൻ കേൾക്കുവാൻ ഇടയായി.ശ്രീനാരായണ ഗുരുവിന്റെ അറിവും ജ്ഞാനത്തിന്റെ ആഴവും എത്രമാത്രം ഗംഭീരമാണെന്ന് അന്ന് കൂടുതൽ മനസിലായെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.ദൈവദശകം കൃതിയുടെ ഭാഗങ്ങളെടുത്താണ് ഭരതനാട്യ നർത്തകി ഡോ.രാജശ്രീ വാര്യരുടെ നൃത്താവതരണവും ചടങ്ങിന് ശേഷം അരങ്ങേറുന്നത്. ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ വിദേശികളും സ്വദേശികളുമായി കൂടുതൽ പേർ വർക്കലയിൽ എത്തുന്നുണ്ട്.അവർക്കും ഇത് ഏറെ പ്രയോജനപ്പെടുമെന്ന് വി.ജോയി എം.എൽ.എയും പറഞ്ഞു.രംഗകലാകേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ വി. രാമചന്ദ്രൻ പോറ്റിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.