തിരുവനന്തപുരം: കേന്ദ്രസംസ്ഥാന പ്രാദേശിക സർക്കാരുകൾ നേരിട്ട് ടെൻഡർ ചെയ്യുന്ന പ്രവൃത്തികൾക്കും ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18ശതമാനമാക്കി വർദ്ധിപ്പിക്കാനുള്ള ജി.എസ്.ടി കൗൺസിലിന്റെ നിർദ്ദേശം പിൻവലിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രവൃത്തികളുടെ ഭരണാനുമതി തുകയിൽ ജി.എസ്.ടി, കരാറുകാരന്റെ ലാഭം, ഓവർ ഹെഡ് ചെലവുകൾ, തൊഴിലാളി ക്ഷേമനിധി എന്നിവ കിഴിച്ചാൽ 66 ശതമാനം മാത്രമേ പ്രവൃത്തിക്ക് വേണ്ടി ചെലവാക്കാനാവൂ. ഒരു കോടി രൂപയുടേതെന്ന് പരസ്യപ്പെടുത്തുന്ന പാലവും കെട്ടിടവും റോഡുമെല്ലാം ഫലത്തിൽ അറുപത്തിയാറ് ലക്ഷത്തിന്റേത് വീതമാണ്. ഇത് വിശദീകരിക്കുന്ന കണക്ക് പണിസ്ഥലങ്ങളിൽ വയ്ക്കാൻ കരാറുകാർ നിർബന്ധിതരാകും.

ഭരണാനുമതി തുകയിൽ 12 ശതമാനം വകയിരുത്തി ടെൻഡർ ചെയ്യപ്പെട്ട പ്രവൃത്തികൾക്കെല്ലാം ആറ് ശതമാനം തുക കൂടി ബില്ലുകളോടൊപ്പം അനുവദിക്കണം. അല്ലാത്തപക്ഷം കരാറുകാർ സ്വന്തം പോക്കറ്റിൽ നിന്ന് ആറ് ശതമാനം നഷ്ടം സഹിക്കേണ്ടിവരുമെന്നും അസോസിയേഷൻ പറഞ്ഞു.
.