
കടയ്ക്കാവൂർ: ആലംകോട് കടയ്ക്കാവൂർ മീരാൻ കടവ് റോഡിന്റെ പുനർനിർമാണം മന്ദഗതിയിൽ നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ആലംകോട് ജംഗ്ഷനിൽ നടന്ന റോഡ് ഉപരോധം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു ഉദ്ഘാടനം ചെയ്തു. കടയ്ക്കാവൂർ,വർക്കല, അഞ്ചുതെങ്ങ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താനുള്ള പ്രധാന പാതയാണിത്. അനവധി സർവീസ് ബസുകളും മറ്റു വാഹനങ്ങളും കൊണ്ട് വളരെ തിരക്കേറിയ റോഡാണിത്.
സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്റെ പണി തുടങ്ങിയിട്ട് പത്തിലേറെ മാസമായി. ഒട്ടനവധി കലുങ്കുകൾ പൊളിച്ചു റോഡിന് വീതികൂട്ടി വെള്ളം ഒഴുകിപോകുന്നതിന് നിർമ്മിച്ച ഓടയുടെ പണി അശാസ്ത്രീയമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധിച്ചിട്ടില്ല.
അടിയന്തരമായി റോഡിന്റെ പണി പൂർത്തിയാക്കി പൊതുഗതാഗതം സുഖമാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് റോഡ് ഉപരോധിച്ചത്. ആലങ്കോട് ഐക്യവേദി കൺവീനർ എ.കെ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. എ.ആർ.ഷാജു, അൻസാർ അടയ്ക്കാവൂർ, മണമ്പൂർ ദിലീപ്, അഷറഫ്, മുഹമ്മദ് റാഫി,റഫീഖ്, ഷക്കീർ എന്നിവർ സംസാരിച്ചു.