rajen

വിതുര: ബാങ്ക് ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ ജപ്തി നടപടിയായതിൽ മനംനൊന്ത് പോസ്റ്റ്മാൻ ആസിഡ് കഴിച്ച് ജീവനൊടുക്കി. നെടുമങ്ങാട് പോസ്റ്റ്ഒാഫീസിലെ പോസ്റ്റ്മാൻ വിതുര ചായം ചാരുപാറ ജ്ഞാനിക്കുന്ന് രേവതിയിൽ എഫ്. രാജേന്ദ്രൻനായർ (59) ആണ് മരിച്ചത്.

ബാങ്കിലെ കടബാദ്ധ്യത നിമിത്തമാണ് ആത്മഹത്യചെയ്യുന്നതെന്നും, മാനസികപീഡനം നേരിടാൻ ഇനി കഴിയില്ലെന്നും എഴുതിയ കത്ത് പൊലീസിന് ലഭിച്ചു. ബാങ്ക് പ്രസിഡന്റും സെക്രട്ടറിയുമൊഴിച്ചുള്ള ജീവനക്കാർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ലോണിന്റെ പേരിൽ ഭാര്യയെയും മക്കളെയും ശല്യപ്പെടുത്തരുതെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്കു മുൻപ് പാലോട് കാർഷിക വികസനബാങ്കിൽനിന്ന് വീടുവയ്ക്കാനാണ് രാജേന്ദ്രൻനായർ ലോൺ എടുത്തത്. പിന്നീടത് കാർഷിക ലോണാക്കി. പലിശ സഹിതം ആറു ലക്ഷത്തിലേറെ രൂപയാണ് ഇപ്പോൾ അടയ്ക്കാനുള്ളത്. ലോൺ യഥാസമയം തിരിച്ചടയ്ക്കാതെ വന്നതോടെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് നൽകി. ബുധനാഴ്ച വൈകിട്ട് മുതൽ രാജേന്ദ്രനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് വീടിനു പിറകുവശത്തുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പാലോട് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: സുപ്രഭാദേവി. മക്കൾ: അരവിന്ദ്, അരുണിമ. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്റെ ബന്ധുക്കൾ വിതുര പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണം നടത്തുമെന്ന് വിതുര സി.ഐ എസ്. ശ്രീജിത്ത് പറഞ്ഞു.