
തിരുവനന്തപുരം: വിവാദങ്ങളിൽ സ്ത്രീകൾ ഉൾപ്പെടുമ്പോൾ അത് ചർച്ചചെയ്യാൻ സമൂഹത്തിന് ഹരം കൂടുമെന്നും അത് ഇടതുപക്ഷത്തെ സ്ത്രീകളാണെങ്കിൽ ഹരം മൂർദ്ധന്യത്തിലായിരിക്കുമെന്നും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വീണാ വിജയന് എതിരായ സൈബർ ആക്രമണത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ആര്യയുടെ പിന്തുണ പരാമർശം. വീണാ വിജയന് എതിരായ ആരോപണങ്ങളും വെർബൽ അറ്റാക്കുകളും ആഘോഷിക്കപ്പെടുമ്പോൾ നിഷ്‌പക്ഷരെന്നും പുരോഗമന വാദികളെന്നും ലേബലൊട്ടിച്ചവർ മൗനം പാലിക്കുകയാണ്. ഇടതുപക്ഷ സ്ത്രീകൾക്ക് നേരെ നടക്കുന്ന വെർബൽ അറ്റാക്ക് എല്ലാ സീമകളും ലംഘിച്ചിട്ടും ചില ബുദ്ധികേന്ദ്രങ്ങൾ മൗനം തടരുകയാണ്. വീണ എന്ന സംരംഭക പിണറായി വിജയന്റെ മകളായിപ്പോയി എന്ന ഒരൊറ്റകാരണം കൊണ്ട് മാത്രം വേട്ടയാടപ്പെടുന്ന സ്ത്രീയാണ്. ഒന്നര പതിറ്റാണ്ടായി അവർ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്നു. ഉന്നയിക്കപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തിൽ അവർക്കെതിരെ ഒരു പെറ്റിക്കേസുപോലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതു തന്നെയാണ് വീണയ്ക്കൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നത്. അവരെ തളർത്താമെന്ന് വ്യാമോഹിക്കുന്നവർ തളരുകയേ ഉള്ളൂവെന്നും മേയർ ആര്യാ രാജേന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.