
നെടുമങ്ങാട്: ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ നെടുമങ്ങാട് വി.ഐ.പി ജംഗ്ഷന് സമീപം ട്രാൻ.ബസുകൾ കൂട്ടിയിടിച്ച് 17 യാത്രക്കാർക്ക് പരിക്കേറ്റു. താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ തൊളിക്കോട് ഗവ. ആശുപത്രിയിലെ ഡോക്ടർ ലിബിനയെ (43) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകളിലെ ജീവനക്കാരെയും മറ്റു യാത്രക്കാരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെ 10ഓടെ തിരുവനന്തപുരത്ത് പോയി പൊന്മുടിയിലേക്ക് മടങ്ങുകയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറിയും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പാലോട് ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്.
ഫാസ്റ്റ് ബസ് ഒരു ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുമ്പോൾ, നിയന്ത്രണം വിട്ട് എതിരെ വന്ന ഓർഡിനറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻവശം തകർന്നു. മുൻഭാഗത്തെ കമ്പിയിൽ മുഖമിടിച്ചാണ് വനിതാ ഡോക്ടർക്ക് പരിക്കേറ്റത്. പി.എച്ച്.സിയിൽ ഡ്യൂട്ടിക്ക് ഹാജരാവാൻ വരികയായിരുന്നു ഇവർ.
ഓർഡിനറി ബസിലെ ഡ്രൈവർ ആനാട് സ്വദേശി ദിനേശ് കുമാറിന്റെ കാലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. സ്റ്റിയറിംഗ് സീറ്റിനിടയിൽ കുടുങ്ങിപ്പോയ ദിനേശ് കുമാറിനെ ഡോർ പൊളിച്ചു മാറ്റിയാണ് പുറത്തെടുത്തത്. യാത്രക്കാരുടെ കൂട്ട നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം താറുമാറായി.
അപകടത്തെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ വിവരം. ലുബിന (43),ചന്ദ്രൻ (68,കോട്ടയം),ഷൈനി (34 മണക്കാട്),ഷീബ (44 തോട്ടുമുക്ക്),അൽഫ ഫാത്തിമ (18,കായ്പാടി),ഉഷ (51,പഴകുറ്റി),അംബിക (59, ആൾസെയിന്റ്സ്),ജയശ്രീ (57, കവടിയാർ),അജിതകുമാരി (63, തിരുവനന്തപുരം),ശ്രീജ(31, വേങ്കവിള),ബാബു (55, വേറ്റിനാട്),ദിനേശ് കുമാർ (50, ആനാട്),പ്രമിത (49, എട്ടാംകല്ല്),സുനിത (44, പുതുകുളങ്ങര),അലിയാര് കുഞ്ഞു (70, പത്താം കല്ല്),ശ്രീമതി (55, ബാലരാമപുരം),ഹരികുമാർ (41, പനവൂർ).
ചെങ്കോട്ട ഇന്റർസ്റ്റേറ്റ് ഹൈവേയിൽ വാഹനാപകടങ്ങൾ അടിക്കടി പെരുകുകയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. 3 മാസത്തിനിടെ ഡസൻ കണക്കിന് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തിരക്കേറിയ റോഡിന്റെ ദുർഘടാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി സർക്കാർ തയ്യാറാക്കിയ വഴയില - പഴകുറ്റി നാലുവരിപ്പാത നിർമ്മാണ പദ്ധതി യാഥാർത്ഥ്യമായെങ്കിൽ മാത്രമേ ഈ റൂട്ടിലെ അപകട പരമ്പരയ്ക്ക് അവസാനമാവുകയുള്ളൂവെന്നും നാട്ടുകാർ പറയുന്നു.