road
നാലു വർഷമായിട്ടും തീരാത്ത ഹൈടെക്ക് റോഡു നവീകരണം

മാനന്തവാടി: 2018 നവംബറിൽ കൊട്ടിഘോഷിച്ച് ആരംഭിച്ച മാനന്തവാടി കൈതയ്ക്കൽ ഹൈടെക്ക് റോഡു നവീകരണം പണിതിട്ടും പണിതിട്ടും തീരാതെ നാട്ടുകാർക്ക് 'പണികൊടുത്ത്' നാലാം വർഷത്തിലും ഇഴഞ്ഞുനീങ്ങുന്നു.

10.5 കി.മീ. ദൂരം 46 കോടി രൂപ കീഫ്ബി പദ്ധതിയിൽ വകയിരുത്തി നടന്നുവരുന്ന പ്രവർത്തി കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടേയും പ്രതീകമായിരിക്കുകയാണ്. 2020 നവംബറിൽ പൂർത്തിയാക്കേണ്ട പ്രവൃത്തി ആറുമാസം വീതം മൂന്നുവട്ടം നീട്ടിക്കൊടുത്തിട്ടും പാതിവഴിയിൽ തന്നെയാണ്.

കൈതയ്ക്കൽ മുതൽ വള്ളിയൂർക്കാവ് വരെ എട്ടു കി.മീ. ഒരു വട്ടം ടാറിംങ് പൂർത്തിയായിട്ടുണ്ട്. മാനന്തവാടി ടൗൺ മുതൽ വള്ളിയൂർക്കാവ് അടിവാരം വരെ രണ്ടര കി.മീ. പ്രവൃത്തിയാണ് കഴിഞ്ഞ രണ്ടു വർഷമായി കുത്തിപ്പൊളിഞ്ഞ് കിടക്കുന്നത്.

സ്ഥലം വിട്ടു കൊടുക്കാനുള്ള സമ്മതപത്രം കൊടുക്കാൻ ഒരേയൊരു സ്ഥലമുടമ കടുംപിടുത്തം കാട്ടുന്നതാണ് പ്രവൃത്തിക്ക് തടസ്സമെന്ന് കരാർ കമ്പനി പറയുന്നു.

മാനന്തവാടിക്കടുത്ത് തന്നെ പയ്യംപള്ളി പുൽപ്പള്ളി കാപ്പി സെറ്റ് റോഡു നവീകരണ പ്രവൃത്തി ആരംഭിച്ച ഒരു വർഷമാവുമ്പോഴേക്കും പൂർത്തികരണത്തോട് അടുക്കുകയാണ്.
പൊതുമരാമത്ത് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ജില്ലയിലെത്തുന്ന വകുപ്പുമന്ത്രിയുടെ സത്വരമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.