സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ മഞ്ഞാടിയിൽ ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള വില്ലയിലെ ആറ് വീടുകളിൽ താമസക്കാരില്ല. രണ്ടുവർഷം മുമ്പ് നിർമ്മിച്ച് നൽകിയ 44 വീടുകളിൽ 6 വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 2020 ഒക്‌ടോബറിലാണ് നെന്മേനി ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതി പ്രകാരം ഭവന നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറിയത്. ആറ് വീടുകളിൽ രണ്ട് കുടുംബങ്ങൾ പുറത്ത് വാടകയ്ക്ക് താമസിക്കുന്നതായും ബാക്കിയുള്ള നാല് കുടുംബം മറ്റിടങ്ങളിലുമായാണ് താമസിക്കുന്നതെന്ന് വില്ലയിലെ താമസക്കാർ പറയുന്നു.
ഭൂമിയും വീടുമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴാണ് ലഭിച്ച വീടുകളിൽ താമസിക്കാൻ ആളെത്താത്തത്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന് വില്ലയിലെ തന്നെ മറ്റ് താമസക്കാർ പറയുന്നു.