മാനന്തവാടി: മലബാറിലെ പ്രധാനപ്പെട്ട തെയ്യങ്ങളുടെ ചിത്രപ്രദർശനം മാനന്തവാടി ലളിതകല ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാറിന്റെ ഭാര്യയും എഴുത്തുകാരിയുമായ ഇന്ദു ചിന്തയുടെ ഫോട്ടോകളുടെ പ്രദർശനം ജില്ലാ കളക്ടർ എ.ഗീത ഉദ്ഘാടനം ചെയ്തു. 8 വരെയാണ് ചിത്ര പ്രദർശനം.
കരിഞ്ചാമുണ്ടി, പോർക്കലി ഭഗവതി, പുലിയൂർകാളി, പൊട്ടൻതെയ്യം, കണ്ടനാർ കേളൻ തുടങ്ങിയ തെയ്യക്കോലങ്ങളുടെ വിവിധ ഭാവങ്ങൾ പ്രദർശനത്തിലുണ്ട്.
കാവ്, തെയ്യത്തിന്റെ മുഖമെഴുത്ത്, ഭദ്രകാളി, ആട്ടക്കാരത്തി, ചെരളത്ത് ഭഗവതി, ഇളംകോലം, കണ്ടനാർ കേളൻ, പുലിയൂർകണ്ണൻ, പെരുംതട്ട ചാമുണ്ഡി തുടങ്ങിയ കോലങ്ങൾ ഉൾപ്പെടെ 32 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
തെയ്യത്തെ ആസ്പദമാക്കി ഇന്ദു രചിച്ച 'തെയ്യം മെർജിങ് വിത്ത് ദി ഡിവൈൻ' എന്ന കൃതി കേരള ഫോക്‌ലോർ അക്കാഡമിയുടെ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷമായി കാസർകോട്, കണ്ണൂർ ജില്ലകളിൽ ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് തെയ്യഭാവങ്ങൾ പകർത്തിയതെന്ന് ഇന്ദു പറഞ്ഞു.
സബ്ബ് കലക്ടർ ആർ.ശ്രീലക്ഷ്മി, നോർത്ത് വയനാട് ഡി.എഫ്. ഒ. ദർശൻ ഘട്ടാണി, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, മാനന്തവാടി ഡിവൈ.എസ്.പി. എ.പി.ചന്ദ്രൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കയിലെ ഇല്ലിനോയിസ് സർവ്വകലാശാലയിൽ നിന്ന് എൻവിറോണ്മെന്റൽ എൻജിനീറിങ്ങിൽ മാസ്റ്റർ ബിരുദധാരിയാണ് ഇന്ദു ചിന്ത. ഇതിനോടകം മുംബൈ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്.