കൽപ്പറ്റ: ലോക പരിസ്ഥിതി ദിനത്തിന്റെ 50ാം വാർഷികത്തിൽ സസ്യോദ്യാനം ഒരുക്കി ഡോ.മൂപ്പൻസ് മെഡി.കോളേജ്. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ കാമ്പസിന് സമീപത്തെ മൂന്നേക്കർ സ്ഥലത്താണ് ഉദ്യാനം ഒരുങ്ങിയത്. എം.എസ്.എസ്.ആർ.എഫ് ചെയർപേഴ്സണും ബംഗളൂരു ഇന്ത്യൻ സ്റ്റാറ്റസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ.മധുര സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സ്ഥാപകൻ ഡോ.ആസാദ് മൂപ്പന്റെ ഭാര്യ നസീറ മൂപ്പന്റെ പേരിലാണ് സസ്യോദ്യാനം.
സസ്യങ്ങൾ, വൃക്ഷങ്ങൾ, പൂക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരങ്ങളോടെ ഒരുക്കുന്ന നസീറ ബൊട്ടാണിക്കൽ ഗാർഡൻ വിദ്യാർത്ഥികൾക്കും സസ്യശാസ്ത്രജ്ഞർക്കും ഗവേഷണ പ്രവർത്തനങ്ങൾക്കായി തുറന്നു കൊടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ സസ്യങ്ങളും ഉദ്യാനത്തിൽ നട്ടുപിടിപ്പിക്കും. വരുന്ന രണ്ടുവർഷത്തിനകം സന്ദർശകരെ സ്വീകരിക്കാൻ ഉദ്യാനം തയ്യാറാകും. ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിനാണ് നടത്തിപ്പ് ചുമതല.
ഡോ.മൂപ്പൻസ് മെഡി. കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത, എക്സിക്യുട്ടീവ് ട്രസ്റ്റി യു.ബഷീർ, എം.എസ്.എസ്.ആർ.എഫ് സീനിയർ ഡയറക്ടർ ഡോ.അനിൽകുമാർ, എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഹരിഹരൻ, കമ്യൂണിറ്റി ആഗ്രോ ബയോഡൈവേഴ്സിറ്റി സെന്റർ ഡയറക്ടർ ഡോ.ഷക്കീല തുടങ്ങിയവർ പങ്കെടുത്തു. സ്വാമിനാഥൻ ഫൗണ്ടേഷൻ സമ്മാനിച്ച ചെടിത്തൈകൾ ഗാർഡൻ അധികൃതർ നട്ടു.