അമ്പലവയൽ: എടക്കൽ ഗുഹയിലെ അജൈവ മാലിന്യം കണ്ട് ഇനി വേവലാതി വേണ്ട, ഹരിത കർമ സേനയെത്തി കൊണ്ടുപോയ്ക്കൊള്ളും. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നെൻമേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മാലിന്യ സംസ്‌കരണത്തിന് കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹരിതകേരളം- ശുചിത്വ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാ ക്കുക. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ അജൈവ മാലിന്യം അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനയ്ക്കു കൈമാറുന്ന പദ്ധതി 14 ടൂറിസം കേന്ദ്രങ്ങളിൽ ആരംഭിച്ചതിന്റെ തുടർച്ചയായാണ് നെൻമേനിയിലും നടപ്പാക്കുന്നത്. നിലവിൽ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള ഭാഗത്തെ അജൈവ മാലിന്യം ജീവനക്കാർ ശേഖരിച്ച് തരംതിരിച്ച് യൂസർ ഫീ നിരക്കിൽ ഹരിത കർമ സേനയ്ക്ക് കൈമാറുന്നുണ്ട്. ഗുഹാ പരിസരത്തെ റോഡുകളിൽ വലിച്ചെറിയുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ മാലിന്യനീക്കം ചർച്ച ചെയ്യുന്നതിനും നെൻമേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ഗുഹാ പരിസരത്തെ വ്യാപാരികളുടെ യോഗം ചേർന്നിരുന്നു.
വ്യാപാരികൾ സ്ഥാപനങ്ങളിലെ അജൈവ മാലിന്യം തരംതിരിച്ച് പഞ്ചായത്ത് നിശ്ചയിച്ച യൂസർ ഫീ നിരക്കിൽ ഹരിത കർമ സേനയ്ക്ക് കൈമാറും. പേപ്പർ, ഗ്ലാസ്, പേപ്പർ പ്ലേറ്റ് പോലെയുള്ള വസ്തുക്കൾ ഒഴിവാക്കും. എടക്കൽ ഗുഹാ പരിസരത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് വിനോദ സഞ്ചാരികൾക്ക് പ്ലാസ്റ്റിക് കവറുകളിൽ വിതരണം ചെയ്യുന്ന ലഘുഭക്ഷണങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയവ ഇനി മുതൽ കാപ്പി ഇലയിലാവും നൽകുക. എടക്കൽ ഗുഹയിൽ ഉണ്ടാകുന്ന മാലിന്യത്തിന്റെ തോതനുസരിച്ച് മാസത്തിൽ രണ്ട് തവണ ഹരിത കർമസേന അജൈവ മാലിന്യം ശേഖരിക്കും.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ എടക്കൽ ഗുഹ പരിസരം ശുചീകരിച്ചിരുന്നു. നെൻമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിജു ഇടയനാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ഹരിദാസ്, വാർഡ് മെമ്പർ ഷമീർ മാളിക, ഡി.ടി.പി.സി മാനേജർ പി.പി.പ്രവീൺ, വ്യാപാരി വ്യവസായി പ്രസിഡന്റ് വി.ഉത്തമൻ, ഡി.ടി.പി.സി പ്രതിനിധി നാഷ് ജോസ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അനു എം ബിജു, എ.ഡി.എസ് പ്രസിഡന്റ് ഷീന ഷാജി തുടങ്ങിവർ പ്രസംഗിച്ചു.