മാനന്തവാടി: മാനന്തവാടി ശ്രീ വള്ളിയൂർകാവ് ആറാട്ട് മഹോത്സവം എക്സിബിഷൻ ട്രേഡ് ഫെയർ ലേലത്തിൽ ക്രമക്കേടെന്ന് ആരോപണം. ഉത്സവം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ലേല തുക മലബാർ ദേവസ്വത്തിന് ലഭിച്ചില്ല. കരാറുകാരൻ നൽകിയ ചെക്കും മടങ്ങി. ഇതോടെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയാണ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം തുക ലഭിക്കാത്തതിന് നിയമനടപടി സ്വീകരിച്ചു വരുന്നതായാണ് ദേവസ്വം അധികൃതരുടെ വിശദീകരണം.

മാർച്ചിൽ നടന്ന വള്ളിയൂർക്കാവ് മഹോത്സവത്തിന്റെ എക്സിബിഷൻ ട്രേഡ് ഫെയർ ലേലത്തിലാണ് ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരിക്കുന്നത്. ലേല തുക അടച്ചാൽ മാത്രമെ മറ്റ് നടപടികളിലേക്ക് കടക്കാൻ പറ്റൂ എന്നിരിക്കെ ഒരു രൂപ പോലും അടക്കാതെ എക്സിബിഷൻ ട്രേഡ് ഫെയർ നടത്തിയതായി ബി.ജെ.പി കുറ്റപ്പെടുത്തി. മാർച്ച് 28നാണ് ഉത്സവം കഴിഞ്ഞത്. എന്നാൽ 30നാണ് കരാറുകാരൻ ചെക്ക് നൽകിയത്. അക്കൗണ്ടിൽ പൈസ ഇല്ലാത്തതിനാൽ ചെക്ക് മടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥരെ നോക്കുത്തിയാക്കി ട്രസ്റ്റിമാരാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു. ലേലത്തിലെ ക്രമക്കേട് മാത്രമല്ല ദേവസ്വം തുക സി.പി.എം ഭരിക്കുന്ന ബാങ്കിലേക്കും സൊസൈറ്റിയിലേക്കും നടപടി ക്രമങ്ങൾ മറികടന്ന് നിക്ഷേപിച്ചതായും ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ഷിംജിത്ത് കണിയാരം, കെ.ശരത്ത് കുമാർ, ഇ.എ മഹേഷ്, നിഥീഷ് ലോകനാഥ് തുടങ്ങിയവർ പങ്കെടുത്തു.