തിരുനെല്ലി: കുട്ടിക്കൊമ്പൻ പുരയിടങ്ങളിൽ ഇറങ്ങിയതോടെ ഉറക്കംകെട്ട് ജനം.
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ മൊടോമറ്റം അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കാവൽപുര ഒരാഴ്ചക്കുള്ളിൽ മൂന്ന് തവണയാണ് കുട്ടിക്കോമ്പൻ ആക്രമിച്ചത്. കഴിഞ്ഞ ദിവസത്തെ ഇറങ്ങിയ കുട്ടിക്കൊമ്പൻ കാവൽ പുരയ്ക്ക് ചുറ്റും നടന്ന് കക്കൂസിന്റേതടക്കം മുഴുവൻ വാതിലുകളും തകർത്തു. വീടിനുള്ളിൽ തലയിട്ടാണ് വീട്ടുപകരണങ്ങളും ഭക്ഷണ സാമഗ്രികളും രാസവളങ്ങളും നശിപ്പിച്ചത്. കഴിഞ്ഞ 48 വർഷത്തിനുള്ളിൽ വീടിനു നേരെയുള്ള കാട്ടാനയുടെ ആക്രമണം പുതിയ അനുഭവമാണെന്നും ആന ജനവാസ കേന്ദ്രത്തിൽ ഇറങ്ങാതെ വനപാലകർ സുരക്ഷ ഒരുക്കണമെന്നും അബ്രഹാം പറഞ്ഞു. അതെസമയം
ആനയെ നിരീക്ഷിക്കുമെന്നും ജനവാസ കേന്ദ്രത്തിൽ ഇറങ്ങാതിരിക്കാൻ കാവൽ ശക്തമാക്കുമെന്നും വീട് സന്ദർശിച്ച വനപാലകർ വ്യക്തമാക്കി.