കാട്ടിക്കുളം:തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 15 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ പഞ്ചായത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. കരാർ കാലാവധി കഴിയുമ്പോൾ രണ്ടു വർഷം വീതം പുതുക്കി നൽകുന്ന ഭരണസമിതിയുടെ നിയമന രീതിക്കെതിരെ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥാണ് പിരിച്ചുവിടൽ ഉത്തരവിട്ടത്. നിയമനങ്ങൾ വ്യക്തി താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അധികാര ദുർവിനിയോഗത്തിലൂടെ നടത്തിയ നിയമനങ്ങൾ സർക്കാരിന്റെ അനുമതിയോടെയല്ലെന്നതിനാൽ നിയമ വിരുദ്ധമായി നിലനിർത്തിയിരിക്കുന്ന 15 താത്കാലിക ജിവനക്കാരെ പിരിച്ചുവിട്ട് രണ്ട് മാസത്തിനകം പുതിയ നിയമനം നടത്തണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ താത്കാലിക ജിവനക്കാരെ പിരിച്ചുവിട്ടത് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയെന്നും ഏകപക്ഷിയ വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ പറഞ്ഞു.