സുൽത്താൻ ബത്തേരി: സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഇന്നുമുതൽ സുൽത്താൻ ബത്തേരി പ്രക്ഷോഭ കേന്ദ്രമായി മാറും. വനം വനമായും ജനവാസ കേന്ദ്രങ്ങൾ ജനവാസകേന്ദ്രങ്ങളായും നിലനിർത്തി സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സുപ്രീംകോടതി ഉത്തരവ് വയനാട് ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളെയും പട്ടണങ്ങളെയും ഇല്ലാതാക്കുന്നതാണ്. ജനങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കുന്ന ഉത്തരവിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇതിനകം പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വരും ദിനങ്ങളിൽ ബഫർസോൺ പരിധിയിൽ വരുന്ന മുഴുവൻ ജനങ്ങളെയും രംഗത്തിറക്കാനാണ് സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും തീരുമാനം.
പ്രക്ഷോഭത്തിന് തുടക്കംകുറിച്ച് ഇന്ന് രാവിലെ 11ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബത്തേരിയിൽ പ്രതിഷേധ സംഗമം നടത്തും. പ്രക്ഷോഭ വിളംബര റാലി ബത്തേരി ചീരാൽ റോഡിൽ നിന്നാരംഭിച്ച് അസംപ്ഷൻ ജംഗ്ഷനിൽ സമാപിക്കും പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നേതൃസംഗമം നടത്തും. അതെസമയം ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് ബത്തേരിയിലെത്തുന്നുണ്ട്.
11ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തും. വൈകിട്ട് നഗരത്തിൽ ബഹുജന പ്രതിഷേധ റാലി നടത്തും. 12ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബത്തേരിയിൽ മനുഷ്യമതിൽ തീർത്ത് പ്രതിഷേധിക്കും. 13ന് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിക്കും. 14ന് ബത്തേരി മുനിസിപ്പൽ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി നഗരസഭ തലത്തിൽ ഹർത്താൽ ആചരിക്കും. സുപ്രീംകോടതി ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം ബത്തേരി നഗരസഭ കൗൺസിൽ പ്രമേയം പാസാക്കുകയും സർവകക്ഷിയോഗം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. 16ന് സർവകക്ഷിയുടെ നേതൃത്വത്തിൽ ബഹുജന സമര പ്രഖ്യാപന കൺവെൻഷൻ നടക്കും. സമരപ്രഖ്യാപന കൺവെൻഷനു ശേഷം സമരം ശക്തമാക്കാനാണ് തീരുമാനം. അതിന് മുന്നോടിയായി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി നോട്ടീസ് അടിച്ച് വിതരണം ചെയ്യാനും ബോധവത്ക്കരണ സെമിനാറുകളും ക്ലാസുകളും നടത്താനും വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.