കൽപ്പറ്റ: സംരക്ഷിത വന മേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയാക്കിയതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് വയനാട് ജില്ലയിൽ ഹർത്താൽ ആചരിക്കും. ജനവാസകേന്ദ്രങ്ങളെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുക, സൂപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുകയോ തിരുത്തൽ ഹർജി നൽകുകയോ ചെയ്യുക, ജനവാസകേന്ദ്രങ്ങളിലെ വനാതിർത്തി ബഫർ സോൺ ആയി കണക്കാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ഞായറാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. വിവാഹം, ആശുപ്രതി, പാൽ, പത്രം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വനം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് തിരുത്തൽ ഹർജി കൊടുക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും എൽ.ഡി.എഫ് വ്യക്തമാക്കി. വയനാട് ജില്ലയുടെ 40 ശതമാനം വനമാണ് രാജ്യത്ത് ഏറ്റവും കുടുതൽ വനമുള്ള ജില്ലയാണ് വയനാട്.

ഹാർത്താൽ വിജയിപ്പിക്കണമെന്ന് ജില്ലയിലെ ജനങ്ങളോട് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. കർഷകരും തൊഴിലാളികളും വ്യാപാരി സമൂഹവും സ്വകാര്യ വാഹന ഉടമകൾ ഉൾപ്പെടെ ഹർത്തലുമായി സഹകരിക്കണം. 11 ന് ഹർത്താലിന്റെ പ്രചരണാർത്ഥം എല്ലാ പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ പ്രകടനം നടത്തും.