സുൽത്താൻ ബത്തേരി : വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ച സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും , ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷിനേതാക്കളും ബഹുജനങ്ങളും ഇന്ന് കല്ലൂരിൽ നിന്ന് മൂലങ്കാവിലേക്ക് പ്രതിഷേധ റാലി നടത്തുന്നു. കാലാവസ്ഥ വ്യതിയാനവും ,വിലതകർച്ചയും വന്യമൃഗശല്യവും രോഗകീടബാധയാലും നട്ടെല്ലൊടിഞ്ഞ കർഷകരുടെ സ്വാതന്ത്ര്യം നശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വനങ്ങളാൽ ചുറ്റപ്പെട്ട നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിനെ പരിപൂർണമായും ഇല്ലാതാക്കും. കോടതിവിധിക്കെതിരെ ജിവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ജനങ്ങൾ രംഗത്തിറങ്ങണമെന്ന് സർവകക്ഷി നേതാക്കൾ അഭ്യർത്ഥിച്ചു. 9ന് കല്ലൂർ 67-ൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. മൂലങ്കാവിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വിവിധ പാർട്ടികളുടെ പ്രതിനിധികളായ എൻ.ഡി.അപ്പച്ചൻ, പിപിഎ കരീം, സുരേഷ് താളൂർ, വിജയൻ ചെറുകര, കെ.പി.മധു,എൻ.ഒ ദേവസ്യ, ഷാജി ചെറിയാൻ എന്നിവർ സംസാരിക്കും.