സുൽത്താൻ ബത്തേരി : സംരക്ഷിത വനഭൂമിയോട് ചേർന്ന് കിടക്കുന്ന ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിൽ അതീവ ഗുരുതര പ്രതിസന്ധിക്ക് വഴിവെക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തി പ്രശ്നത്തിന്റെ ഗൗരവം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന ഇരട്ടത്താപ്പ് നയത്തിൽ നിന്നും, പിൻമാറാൻ സർക്കാർ തയ്യാറാകണം. ഇക്കാര്യത്തിൽ ഗൗരവതരമായ ഇടപെടലിന് തയ്യാറാകാതെ ഭരണവും സമരവുമെന്ന സ്ഥിരം കലാപരിപാടിയുമായി മുന്നോട്ട് പോകുന്ന സിപിഎം നയം മാറ്റി ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണം. വാർത്താ സമ്മേളനത്തിൽ ആർ.രാജേഷ്‌കുമാർ, ഉമ്മർ കുണ്ടാട്ടിൽ, കുന്നത്ത് അഷറഫ്, ശ്രീജിത്ത് , ഷമീർ പഴേരി എന്നിവർ പങ്കെടുത്തു.