harthal

കൽപ്പറ്റ: വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതിലോല മേഖലയിൽനിന്ന് വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ ഹർത്താൽ ജില്ലയിൽ പൂർണം. നഗരങ്ങളിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ടാക്‌സികളും ഓട്ടോറിക്ഷകളും ഓടിയില്ല. സ്വകാര്യ വാഹനങ്ങൾ അപൂർവമായാണ് നിരത്തിലിറങ്ങിയത്. ഹർത്താൽ ആണെന്ന് അറിയാതെ ജില്ലയിലെത്തിയ ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ കടത്തിവിട്ടു. ഞായറാഴ്‌ച അവധിയായതിനാൽ ഓഫീസുകളെ പ്രവർത്തനത്തെ ഹർത്താൽ ബാധിച്ചില്ല. ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൽപ്പറ്റയും സുൽത്താൻ ബത്തേരിയും മാനന്തവാടിയും ഉൾപ്പെടെ പ്രധാന ടൗണുകളിൽ പൊലീസ് ജാഗ്രതയിലായിരുന്നു. ബഫർ സോൺ വിഷയത്തിൽ 16നു യു.ഡി.എഫും വയനാട് ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്‌തിട്ടുണ്ട്.