 
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ബാവലി ഷാണമംഗലത്ത് കടുവയുടെ ആക്രമണത്തിൽനിന്ന് ആദിവാസി യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഷാണമംഗലം അടിയ കോളനിയിലെ യുവതിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ചാടിയടുത്ത കടുവ യുവതിയുടെ അലർച്ച കേട്ടു പിൻവാങ്ങുകയായിരുന്നു. കോളനി പരിസരത്ത് ആടിനെ ആക്രമിക്കുന്നതിനിടെയാണ് കടുവ യുവതിക്കുനേരേ ചാടിയത്. നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂർ സെക്‌ഷനിൽപ്പെട്ട സ്ഥലമാണ് ഷാണമംഗലം.
ഗുരുതരമായി പരിക്കേറ്റ ആടിനെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ.സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജോസ് വിൻസന്റ്, കെ.ശ്രീലേഖ എന്നിവരുടെ നേതൃത്വത്തിൽ മാനന്തവാടി മൃഗാശുപത്രിയിൽ എത്തിച്ചു. ഷാണമംഗലം അടിയ കോളനിയിലെ വെള്ളയുടേതാണ് മൂന്ന് വയസ്സുള്ള ആട്. കടുവ ശല്യം ഉള്ള പ്രദേശമാണ് ഷാണമംഗലം. ഇവിടെ ഗർഭിണിയായ ആടിനെ കഴിഞ്ഞമാസം കടുവ കൊന്നിരുന്നു. കൂട്ടിൽ കെട്ടിയിരുന്ന ആടിനെയാണ് കടുവ പിടിച്ചത്.