പുൽപ്പള്ളി: ബഫർ സോൺ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും ഉൾപ്പെടുത്തി പ്രത്യേക ഗ്രാമസഭ ചേർന്നു. വനമേഖലയ്ക്ക് പുറത്ത് ഒരു കിലോമീറ്റർ സംരക്ഷിതമാക്കാനുള്ള കോടതി വിധി സംബന്ധിച്ച ആശങ്കകൾ പങ്കുവയ്ക്കാനും ഇതിനെതിരായ ജനവികാരം സ്വരൂപിക്കുന്നതിനുമുള്ള പ്രത്യകഗ്രാമസഭയാണ് ചേർന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതോടെ ഒരു കിലോമീറ്റർ ബഫർ സോൺ തീരുമാനിച്ച് നിയന്ത്രണങ്ങൾ അടിച്ചേൽപിച്ചാൽ നീലഗിരിയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഇവിടെയും ആവർത്തിക്കപ്പെടും. ഈ സാഹചര്യത്തിൽ ബഫർ സോൺ തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി നിവേദനങ്ങൾ നൽകാനും ജനകീയ ചെറുത്തുനിൽപ്പ് രുപപ്പെടുത്താനും ഗ്രാമസഭ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിനു കച്ചിറയിൽ, പി.കെ ജോസ്, ജിസ്റ മുനീർ ,ഷൈജു പഞ്ഞി തോപ്പിൽ, ജോസ് നെല്ലേടം, കലേഷ്, സുധ നടരാജൻ എന്നിവർ പ്രസംഗിച്ചു. വിവിധ വാർഡുകളിലെ കർഷകർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഗ്രാമസഭയിൽ പങ്കെടുത്തു.