കൽപ്പറ്റ: രാഹുൽഗാന്ധി എം.പിയുടെ ഒാഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്തതിൽ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. ജില്ലയുടെ മുക്കിലും മൂലയിലും പ്രതിഷേധം ആളിക്കത്തി. വൻ പൊലീസ് സന്നാഹമാണ് ജില്ലയിലെങ്ങും നിലയുറപ്പിച്ചത്. എം.പിയുടെ ഒാഫീസിന് നേരെ ഉണ്ടായ ആക്രമണ വാർത്തയറിഞ്ഞയുടൻ ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ കുതിച്ചെത്തുകയായിരുന്നു. അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ ലാത്തി വീശി അകറ്റുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്. ഇതേതുടർന്ന് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ ടി.സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ഏറ്റെടുക്കുകയായിരുന്നു.
അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് നേരിട്ട നടപടിയിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് സമരം. പൊലീസിന്റെ അറിവോടെയാണ് ആക്രമം നടത്തിയതെന്ന് നേതാക്കൾ ആരോപിച്ചു.
അക്രമം നടത്തിയവർക്കെതിരെ എന്ത് വകുപ്പുകൾ ചേർത്താണ് കേസെടുക്കുന്നതെന്ന് അറിയണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ മണിക്കൂറുകളോളം എസ്.പി ഒാഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രഹാം, വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.എൻ.ടി.യു.സി നേതാവ് പി.പി.ആലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
ജില്ലാ പൊലീസ് ആസ്ഥാനത്തെ ഗെയിറ്റിന് മുന്നിൽ വച്ച് പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ ഉന്തും തളളുമായി. തുടർന്ന് ദേശീയപാത ഉപരോധിക്കുകയും ചെയ്തു. കോഴിക്കോട് എം.പി എം.കെ.രാഘവൻ എം.പി രാത്രി ഏഴ് മണിയോടെ കൽപ്പറ്റയിൽ എത്തി നേതാക്കളും പ്രവർത്തകരുമായി സംസാരിച്ചതിന് ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ സമരം തൽക്കാലത്തേക്ക് അവസാനിപ്പിച്ചത്. എസ്.എഫ്.ഐ സമരത്തെക്കുറിച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ പൊലീസിന് വിവരം ലഭിച്ചിട്ടും വേണ്ട കരുതലുകൾ സ്വീകരിക്കാത്തത് പൊലീസ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.