കൽപ്പറ്റ: രാഹുൽഗാന്ധി എം.പിയുടെ ഒാഫീസ് അക്രമണത്തോടെ വയനാട്ടിൽ അശാന്തിയുടെ കാർമേഘങ്ങൾ. വയനാടിന്റെ പേരിൽ കേരളം ഉൾപ്പെടെ രാജ്യത്തെ സ്ഥിതിയും അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ രാഹുൽഗാന്ധിയുടെ എം.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതാണ് രാഷ്ടീയ കോളിളക്കം സൃഷ്ടിച്ചത്.
സി.പി. എമ്മിന് ഇൗ മാർച്ചിനെക്കുറിച്ച് അറിവില്ലെന്നാണ് പാർട്ടി ആണയിടുന്നത്.പെൺകുട്ടികൾ അടക്കം മുന്നൂറോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. എന്നാൽ മാർച്ച് എത്തുമ്പോൾ ഒാഫീസിന്റെ ഷട്ടർ പൊലീസ് അടച്ച് കാവൽ നിൽക്കുകയായിരുന്നു. ഇത് തളളി തുറന്നും കെട്ടിടത്തിന്റെ മറ്റ് വശങ്ങളിലൂടെ ചാടിക്കയറിയുമാണ് എസ്. എഫ്. ഐ പ്രവർത്തകർ എം.പി ഒാഫീസിലേക്ക് കടന്ന് കൂടിയത്. ഒാഫീസിൽ ഉണ്ടായിരുന്നവരും പ്രവർത്തകരും തമ്മിൽ ഉന്തും തളളുമായി. കൈയേറ്റവും നടന്നു. പ്രതിഷേധത്തിനിടയിൽ രാഹുൽഗാന്ധിയുടെ കസേരയിൽ പ്രതിഷേധ സൂചകമായി വാഴ വെക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസ് വിദ്യാർത്ഥികളെ ലാത്തിച്ചാർജ്ജ് ചെയ്ത് തുരത്തി.എന്നാൽ ഒാഫീസിലെ ഫയലുകളോ,ഗാന്ധിജിയുടെ ഛായാചിത്രമോ തൊട്ടിട്ടില്ലെന്നാണ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നത്.
വ്യത്യസ്തമായ സമര മുറ പ്ളാൻ ചെയ്ത എസ്. എഫ്. ഐ നേതൃത്വത്തിന്റെ കൈയിൽ നിന്ന് സമരം കൈവിട്ടു. ലാത്തിച്ചാർജ്ജ് നടക്കുമ്പോഴാണ് സമരത്തെക്കുറിച്ച് അറിയുന്നതെന്ന നിലപാടിലാണ് സി.പി.എം ജില്ലാ നേതൃത്വം. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, പ്രസിഡന്റ് കെ.എം. ഫ്രാൻസീസ് എന്നിവർ വിദ്യാർത്ഥികളെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് എം.പി ഓഫീസ് പരിസരത്ത് എത്തിയത് എന്ന് പറയുന്നു. എന്നാൽ ഫ്രാൻസീസിനും ലാത്തിച്ചാർജിൽ പരിക്കേറ്റു.
എസ്. എഫ്. ഐ സമരത്തെ അപലപിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്
പ്രസ്ഥാത്ഥവനയിറക്കി. മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് സംസ്ഥാന കൺവീനറും സമരത്തെ തള്ളി. എന്നിട്ടും കോൺഗ്രസ് പ്രതിഷേധം കെട്ടടങ്ങിയില്ല. സി.പി.എം അറിയാതെ ഇങ്ങനെയൊരു സമരം നടക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും വിവരം അറിഞ്ഞയുടൻ ചുരം കയറി വയനാട്ടിലെത്തി.എസ്. എഫ്. ഐ നടത്തിയ പ്രതിഷേധ സമരം സി.പി.എമ്മിന്റെ മുഖത്തിന് ഉണ്ടാക്കിയ വിളളൽ ചെറുതല്ല.രാജ്യത്ത് എസ്.എഫ്.ഐ സ്വന്തമായി അഭിമന്യൂവിന്റെ പേരിൽ ഒാഫീസ് പണിയാൻ ആർജ്ജവം കാട്ടിയ വയനാട്ടിലെ നേതൃത്വത്തിന് പിന്നെങ്ങനെയാണ് രാഹുൽഗാന്ധി എം.പിയുടെ ഒാഫീസിലേക്ക് നടത്തിയ മാർച്ചിൽ താളം പിഴച്ചത്?.