man
കടുവ പിടികൂടിയ മാൻ

സുൽത്താൻ ബത്തേരി : പട്ടാപ്പകൽ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. കുപ്പാടി ആർമാട് മണ്ണപ്പുറത്ത് ജെയിംസിന്റെ തോട്ടത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടുവയെ കണ്ടത് . സമീപവാസികൾ ഒച്ചയുണ്ടാക്കിയതോടെ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയി. തോട്ടത്തിൽ നിന്ന് മാനിന്റെ ജഡം കണ്ടെത്തി.
തോട്ടത്തിൽ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ജെയിംസിന്റെ പറമ്പിൽ നിന്ന് കടുവ ചാടി തൊട്ടടുത്ത പറമ്പിലേക്ക് ഓടുന്നത് കണ്ടത്. കടുവയെ കണ്ട ഭാഗത്ത് പിന്നീട് പ്രദേശവാസികൾ തെരച്ചിൽ നടത്തിയപ്പോഴാണ് അൽപ്പം ഭക്ഷിച്ച മാനിന്റെ ജഡം കണ്ടത്. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഭക്ഷിച്ചശേഷം ഇട്ടിട്ടുപോയ മാനിനെ തിന്നുന്നതിനായി കടുവ വീണ്ടും വരാൻ സാദ്ധ്യതയുണ്ടന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. കടുവയെ നിരീക്ഷിക്കുന്നതിനായി കാമറ സ്ഥാപിക്കാമെന്നും ജനവാസ കേന്ദ്രത്തിൽ ഇറങ്ങാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്നും വനപാലകർ ഉറപ്പുനൽകി.