കൽപ്പറ്റ:യു.ഡി.എഫിന്റെ അക്രമത്തിനെതിരെ താക്കീതുമായി കൽപ്പറ്റയിൽ സി.പി.എം റാലി നടത്തി. ശനിയാഴ്ച യു.ഡി.എഫുകാർ കൽപ്പറ്റയിൽ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് റാലി സംഘടിപ്പിച്ചത്. ജില്ലയിലുള്ള പ്രവർത്തകരെ കൂടാതെ സമീപ ജില്ലകളിലിൽനിന്നും പ്രവർത്തകരെ എത്തിച്ചായിരുന്നു യു.ഡി.എഫ് ശക്തിപ്രകടനം. പ്രകടനത്തിനിടെ പല സംഘങ്ങളായി തിരിഞ്ഞ് സി.പിഎമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും കൊടികളും ബോർഡുകളും നശിപ്പിച്ചു. പള്ളിത്താഴെ പ്രവർത്തിക്കുന്ന ദേശാഭിമാനി ജില്ലാ ബ്യൂറോ അക്രമിച്ചു. കാര്യമായ പ്രചാരണങ്ങൾ ഒന്നും നടത്താതെ മൂവായിരത്തോളം പേർ റാലിയിൽ അണിനിരന്നു. കനറാബാങ്ക് പരിസരത്ത് നിന്നും വൈകിട്ട് നാലോടെ റാലി ആരംഭിച്ചു. അക്രമം അഴിച്ചുവിട്ട യു.ഡി.എഫിന് ശക്തമായ മുന്നറിയിപ്പാണ് റാലി നൽകിയത്. പലരും രാഹുൽഗാന്ധിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വാഴകളുമായാണ് എത്തിയത്. പിണങ്ങോട് ജംഗ്ഷൻ പരിസരത്ത് നടന്ന പൊതുയോഗത്തിലും കനത്ത ഭാഷയിൽ നേതാക്കൾ യു.ഡി.എഫിന് താക്കീത് നൽകി. എസ്.എഫ്‌.ഐയുടെ സമരത്തിൽ പിഴവ് സംഭവിച്ചത് തുറന്ന് സമ്മതിച്ചതാണ്. നിയമപരമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും അക്രമം നടത്താനാണ് യു.ഡി.എഫ് തീരുമാനമെങ്കിൽ എങ്ങനെ പ്രതികരിക്കണമെന്ന് സി.പി.എമ്മിന് അറിയാമെന്ന് പൊതുയോഗത്തിൽ സംസാരിച്ച നേതാക്കൾ പറഞ്ഞു. പൊതുയോഗം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ.എൻ പ്രഭാകരൻ സ്വാഗതവും കൽപ്പറ്റ ഏരിയാ സെക്രട്ടറി വി.ഹാരിസ് നന്ദിയും പറഞ്ഞു.