ldf
വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഇന്നലെ ഇടതുമുന്നണി നടത്തിയ ബഹുജന റാലി.

കൽപ്പറ്റ: ഇടതു സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ യു.ഡി.എഫ് നടത്തുന്ന കുപ്രചാരണങ്ങളിൽ പ്രതിഷേധിക്കുന്നതിന് എൽ.ഡി.എഫ് സംഘടിപ്പിച്ച ജില്ലാറാലി കൽപ്പറ്റയെ ജനസാഗരമാക്കി. കനത്ത മഴയിലും ആവേശം ഒട്ടും ചോരാതെ വയനാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ആയിരങ്ങളാണ് ബഹുജനറാലിയിൽ അണിനിരന്നത്. ഇതിൽ നല്ലൊരു ഭാഗം സ്ത്രീകളും കുട്ടികളുമായിരുന്നു. ആദിവാസികളുടെ മുന്നേറ്റവും റാലിയിൽ നിറഞ്ഞ് കണ്ടു. കനത്ത മഴയായതിനാൽ കുടകൾ നിവർത്തി വാനം മുട്ടെ മുദ്രാവാക്യം വിളിച്ച് നീങ്ങിയ ബഹുജന റാലി നഗരത്തിന് പുത്തൻ അനുഭവമായി. മഴയെപ്പോലും കൂസാതെ ആവേശം ഒട്ടുംചോരാതെ എൽ.ഡി.എഫ് പ്രവർത്തകർ നഗരം കൈയിലെടുത്തു.

ഇന്നലെ ഉച്ചയോടെ തന്നെ റാലിയിൽ പങ്കെടുക്കുന്നതിനായി മഴ വകവെയ്ക്കാതെ അണികൾ ജില്ലാ ആസ്ഥാനത്തേക്ക് പ്രവഹിക്കുകയായിരുന്നു. വൈകിട്ട് നാലോടെ കാനറ ബാങ്ക് പരിസരത്തു നിന്ന് ആരംഭിച്ച റാലിക്ക് ലളിത് മഹൽ ഹാൾ പരിസരത്തായിരുന്നു സമാപനം.രാഹുൽഗാന്ധി എം.പിയുടെ ഒാഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു റാലിയും പൊതുസമ്മേളനവും. സി.പി.എം, സി.പി.ഐ, എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം), കോൺഗ്രസ് (എസ്), ജനതാദൾ (എസ്), എൻ.സി.പി എന്നീ ക്രമത്തിലാണ് പാർട്ടികൾ റാലിയിൽ അണിനിരന്നത്. ഇടതുമുന്നണി ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഒ.ആർ.കേളു എം.എൽ.എ,കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ, മുഹമ്മദ് പഞ്ചാര, വി.പി.വർക്കി,സി.എം.ശിവരാമൻ, പി.വി.സഹദേവൻ, എം.പി.അനിൽകുമാർ ,ഒ.എം.ദേവസ്യ, ഇ.ജെ. ബാബു എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.