plant

ആലപ്പുഴ : സെപ്‌തംബർ അവസാനത്തോടെ ചേർത്തലയിലെയും വയലാറിലെയും ആയിരക്കണക്കിന് വീടുകളിലേക്ക് പൈപ്പിലൂടെ പാചകവാതകമെത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ( പൈപ്‌ഡ് നാച്വറൽ ഗ്യാസ് - പി.എൻ.ജി) ജില്ലയിലെ ആദ്യ പ്ളാന്റ് ചേർത്തല തങ്കി കവലയിൽ പൂർത്തിയായി വരുന്നു.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, നിലവിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ പാചകവാതകം വീടുകളിൽ നേരിട്ടെത്തും. സിലിണ്ടർ വേണ്ട, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്‌നങ്ങളില്ല എന്നിവയാണ് പ്രത്യേകതകൾ. ആഗസ്‌റ്റിൽ പാചകവാതക വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മഴ കാരണം പ്ളാന്റിന്റെ നിർമ്മാണം വൈകി. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എജി ആൻഡ് പി) പദ്ധതിയുടെ നിർവ്വഹണ ചുമതല.

70,000 വീടുകൾ

 തങ്കിയിലെ വിതരണശൃംഖലയിലൂടെ 70,000 വീടുകളിൽ പാചകവാതകം എത്തിക്കും.

 സ്ഥലത്തിനും സംഭരണ - വിതരണ കേന്ദ്രം സ്ഥാപിക്കുന്നതിനുമായി ₹22 കോടി ചെലവ്.

 ചേർത്തല നഗരസഭയിലും വയലാറിലുമായി ആദ്യ ഘട്ടത്തിൽ പതിനായിരം കണക്‌ഷനുകൾ

 ഇതിനുശേഷം മറ്റ് ഗ്രാമ പഞ്ചായത്തുകളിലേക്ക് കണക്‌ഷനുകൾ വ്യാപിപ്പിക്കും

 രണ്ടു വർഷത്തിനുള്ളിൽ ആലപ്പുഴ ടൗൺ വരെ സിറ്റി ഗ്യാസ് പദ്ധതി എത്തിക്കുക ലക്ഷ്യം

ആദ്യഘട്ടത്തിൽ വാതകം ടാങ്കറിൽ

കൊച്ചി പുതുവൈപ്പിനിലെ പ്ളാന്റിൽ നിന്ന് റോഡിനടിയിലൂടെ പൈപ്പ് ലൈൻ വഴി തങ്കിയിലെ പ്ളാന്റിൽ വാതകമെത്തിക്കുന്നതാണ് പദ്ധതി. ദേശീയപാത വികസനം നടക്കുന്നതിനാൽ തത്കാലം കളമശേരിയിലെ പ്ളാന്റിൽ നിന്ന് ടാങ്കറിൽ ദ്രാവകമായി ലിക്വിഡ് നാച്വറൽ ഗ്യാസ് ( എൽ.എൻ.ജി) തങ്കിയിലെത്തിച്ച് ഡി - ഗ്യാസ് പ്രക്രിയയിലൂടെ പി.എൻ.ജിയാക്കി സംഭരിച്ച് വിതരണം ചെയ്യും. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ പുതുവൈപ്പിനിൽ നിന്ന് പൈപ്പിലൂടെ വാതകമെത്തിക്കും.

ചാർജ് മീറ്റർ റീഡിംഗിലൂടെ

തങ്കിയിൽ നിന്ന് പ്രധാന റോഡരികിലൂടെ നാലിഞ്ച് പോളിത്തിലിൻ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഒരിഞ്ച് പൈപ്പിലൂടെയായിരിക്കും വീടുകളിലേക്കുള്ള കണക്‌ഷൻ . കുടിവെള്ള കണക്‌ഷൻ മാതൃകയിലാണ് ഗ്യാസ് വീട്ടിലെത്തിക്കുക. സ്‌റ്റൗവിലേക്ക് നേരിട്ട് കണക്‌ഷൻ നൽകും. നിലവിലുള്ള സ്റ്റൗ മതിയെങ്കിലും നിർവ്വഹണ ഏജൻസി ചെറിയ മാറ്റങ്ങൾ വരുത്തും. ഉപഭോഗത്തിന് അനുസരിച്ച് ചാർജ് ഈടാക്കാൻ മീറ്റർ സ്ഥാപിക്കും.

3600 വീടുകളിൽ കണക്‌ഷൻ റെഡി

നിലവിൽ 3600 വീടുകളിൽ പൈപ്പുകളും മീറ്റർ റീഡിംഗ് മെഷീനും സ്ഥാപിച്ചു. വീടുകളിലേക്ക് മാത്രമായി 40 കിലോമീറ്റർ പൈപ്പ്ലൈനുകൾ സ്ഥാപിച്ചു. പ്രധാന പൈപ്പിലേക്ക് കണക്‌ട് ചെയ്യുന്ന ജോലി മാത്രമാണ് ഇനി അവശേഷിക്കുന്നത്. പതിനായിരത്തിലധികം അപേക്ഷകൾ ലഭിച്ചു. പദ്ധതി നിർവ്വഹണ ചുമതലയുള്ള കമ്പനി അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ വീടുകൾ കയറിയാണ് ബോധവത്‌ക്കരണവും ഉപഭോക്താക്കളെ കണ്ടെത്തുന്നതും നടത്തുന്നത്.

മേയ് മാസത്തെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് തങ്കിയിലെ പ്ളാന്റിന്റെ നിർമ്മാണം വൈകിപ്പിച്ചു. കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായിട്ടില്ല. ഇതിനു ശേഷമേ സുരക്ഷാ പരിശോധന നടത്താൻ കഴിയൂ. സെപ്‌തംബറിൽ പാചകവാതകം വീടുകളിലേക്ക് എത്തും'

രഞ്ജിത്ത് രാമകൃഷ്‌ണൻ

-റീജിയണൽ മേധാവി,എജി ആൻഡ് പി, കേരള