
ആലപ്പുഴ: കുട്ടനാട്ടിലെ നെൽ കർഷകരെ സ്വകാര്യമില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുമെന്ന് വീമ്പു പറഞ്ഞ് രണ്ടു പതിറ്റാണ്ട് മുൻപ് ഉദ്ഘാടനം ചെയ്ത തകഴി മോഡേൺ റൈസ് മിൽ മില്ലുടമകളുടെ തന്നെ ഒത്താശയിൽ ഒരു ദിനം പോലും പ്രവർത്തിപ്പിക്കാതെ നശിപ്പിച്ചു. കെട്ടിടത്തിനും യന്ത്രങ്ങൾക്കുമായി ഖജനാവിൽ നിന്ന് പാഴായത് 54.25 ലക്ഷം രൂപ. 1,000 പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും തൊഴിൽ കിട്ടാനുള്ള അവസരവും പാഴായി. ആലുവ, പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വൻകിട റൈസ് മില്ലുകാരാണ് രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് പദ്ധതി അട്ടിമറിച്ചതെന്ന് കർഷകർ ആക്ഷേപിക്കുന്നു.
തൂണുകൾക്ക് മുകളിൽ അസ്ഥികൂടത്തിന്റെ സ്ഥിതിയിലായി കെട്ടിടം. യന്ത്രങ്ങളൊക്കെ തുരുമ്പായി. നായനാർ സർക്കാരിന്റെ കാലത്ത് 2000 ഫെബ്രുവരിൽ തകഴി ക്ഷേത്രത്തിന് കിഴക്ക് വെയർഹൗസിംഗ് കോർപറേഷന്റെ ഗോഡൗണിനോട് ചേർന്നായിരുന്നു നിർമ്മാണം. യന്ത്രങ്ങൾ സ്ഥാപിച്ച് ഉദ്ഘാടനം നടത്തി. അത്രതന്നെ. 2007 മാർച്ച് നാലിന് അന്ന് കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരൻ നിർമ്മാണ പുനരാരംഭമെന്നപേരിലും നടത്തി മറ്റൊരു ഉദ്ഘാടനം. കര,ജല,റെയിൽ മാർഗം എത്താൻ കഴിയുമെന്നത് തകഴിയിലെ റൈസ് മില്ലിന്റെ പ്രധാന പ്രത്യേകതയായിരുന്നു.
കിഴിവിന്റെയും മറ്റും പേരിൽ സ്വകാര്യമില്ലുടമകൾ കുറച്ചൊന്നുമല്ല കർഷകരെ ചൂഷണം ചെയ്യുന്നത്. 100 കിലോ നെല്ലിന് 68 കിലോ അരി തിരികെ നൽകണമെന്നാണ് സിവിൽ സപ്‌ളൈസ് കോർപറേഷനും മില്ലുകാരുമായുള്ള കരാർ. തകഴി റൈസ് മിൽ ആരംഭിച്ചാൽ കോർപറേഷന് നേരിട്ട് നെല്ല് അരിയാക്കി മാറ്റാനാവും.
മുന്നോട്ട് നീങ്ങാത്ത പദ്ധതി
1.62 ഏക്കർ സ്ഥലം ഏറ്റെടുത്ത് 2000 ഫെബ്രുവരിയിൽ തറക്കല്ലിട്ടു
സംഭരണ ഗോഡൗൺ, നെല്ലുകുത്തു വിഭാഗം, അരി സംഭരണ വിഭാഗം, ഓഫീസ്
40 ടൺ നെല്ല് ഒരു ദിവസം അരിയാക്കാൻ പദ്ധതി, അരിയുടെ സംഭരണ ശേഷി 20 ടൺ
1.70 കോടി രൂപയുടെ പദ്ധതിയിൽ ഇതുവരെ 54.25 ലക്ഷം ചെലവഴിച്ചു
'പദ്ധതി എങ്ങനെ നടപ്പാക്കാനാകും എന്നുചർച്ച ചെയ്യാൻ അടുത്തയാഴ്ച ഉദ്യോഗസ്ഥതല യോഗം ചേരും. കൃഷി വകുപ്പ് ഒരു നിർദ്ദേശം സമർപ്പിക്കും. യോഗത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാം'.
- പി.പ്രസാദ്, കൃഷിവകുപ്പ് മന്ത്രി