
ആലപ്പുഴ : അവധിദിനങ്ങളുടെ മറവിൽ ജില്ലയിൽ പഴവീട്, പുറക്കാട് വില്ലേജുകളുടെ പരിധിയിൽ വ്യാപകമായി നിലം നികത്തുന്നതായി പരാതി. ജില്ലാ കളക്ടർ,റവന്യൂ,കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
പൊലീസ്,റവന്യു അധികൃതരുടെ പ്രത്യേക സ്‌ക്വാഡ് നിലവിലുണ്ടെങ്കിലും ഫലപ്രദമായ പ്രവർത്തനം നടത്താത്തതാണ് മണൽ നിലം നികത്തലുകാർക്ക് സഹായകമാകുന്നത്. എതിർക്കുന്നവരെ ക്വട്ടേഷൻ മാഫിയയെ ഉപയോഗിച്ച് നേരിടുന്നതിനാൽ പരാതിപ്പെടാൻ പോലും നാട്ടുകാർ ഭയക്കുകയാണ്.
പഴവീട് വില്ലേജിൽ 13ഏക്കർ തരിശ് നിലമാണ് നികത്തുന്നത്. കഴിഞ്ഞ നാലുവർഷമായി കൃഷി ഇറക്കാതെ പോള നിറഞ്ഞ പാടത്ത് കഴിഞ്ഞ ദിവസം ഹിറ്റാച്ചി ഉപയോഗിച്ച് നികത്തൽ ജോലികൾ ആരംഭിച്ചു. പ്രദേശവാസി കളക്ടർക്ക് പരാധി നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. 20 മീറ്റർ വീതിയിൽ മുളംകുറ്റികൾ താഴ്ത്തി അതിനുള്ളിൽ പോളയും വള്ളിപ്പുല്ലും നിറച്ച ശേഷം ഗ്രാവൽ ഇറക്കിയാണ് നികത്തുന്നത്.
പുറക്കാട് വില്ലേജിൽ ദേശീയപാതയോടും ദേശീയ ജലപാതയോടും ചേർന്നുള്ള ഭാഗങ്ങളിലാണ് തണ്ണീർത്തടം നികത്തുന്നത്. ഇല്ലിച്ചിറ, പുന്തല കിഴക്ക്, തൈച്ചിറ ഭാഗങ്ങളിൽ ഗ്രാവൽ ഇറക്കി നികത്തിയ ശേഷം അതിനുമുകളിൽ ചെളിപുരണ്ട മണ്ണും ഗ്രാവലും കലർത്തി വിരിച്ച് പഴയനികത്താണെന്ന് സ്ഥാപിക്കാനാണ് ഭൂമാഫിയയുടെ നീക്കം. പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാർത്തികള്ളി, കുമാരപുരം, ചിങ്ങോലി പഞ്ചായത്തുകളിലും നികത്തൽ വ്യാപകമാണ്.
"അനധികൃത നികത്ത് ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകിയിട്ടും ഒരു തരത്തിലുള്ള അന്വേഷണമോ നിയമനടപടിയോ വില്ലേജ് അധികാരികളും ഉയർന്ന റവന്യൂ ഉദ്യോഗസ്ഥരും സ്വീകരിക്കുന്നില്ല. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള അനധികൃത നികത്ത് റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്നുണ്ട്.
- ചാക്കോ വർഗീസ്, കളർകോട്
"അനധികൃത നികത്ത് തടയുന്നതിന് അവധി ദിവസങ്ങളിലും പരിശോധന നടത്തുന്നതിനായി താലൂക്ക് തലത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. വിവരം അറിഞ്ഞാൽ വില്ലേജ് ഓഫീസർമാർ സ്ഥലത്ത് എത്തി സ്റ്റോപ്പ് മെമ്മോ കൊടുക്കും തുടർന്ന് ആർ.ഡി.ഒയ്ക്ക് വിവരം കൈമാറും.
- തഹസീൽദാർ, അമ്പലപ്പുഴ