
നുഴഞ്ഞു കയറുന്നത് സംവരണത്തിന്റെ മറവിൽ
ആലപ്പുഴ: സംവരണ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന റേഷൻ കടകൾ കൈക്കലാക്കാൻ ബിനാമികൾ രംഗത്തെത്തി. പട്ടികവിഭാഗങ്ങൾക്കായി സംവരണം ചെയ്ത റേഷൻ കടകളുടെ ലൈസൻസിനായി അപേക്ഷിക്കാൻ ആവശ്യത്തിന് ആളില്ലാത്തത് മുതലെടുത്താണ് നീക്കം.
ഒന്നിലധികം റേഷൻ കടകൾ നടത്തുന്നവർ തന്നെയാണ് സംവരണ ലിസ്റ്റിലുള്ള കടകളും സ്വന്തമാക്കാൻ ശ്രമിക്കുന്നത്. സംവരണ വിഭാഗത്തിലുള്ള ഒരാളുടെ പേരിൽ ലൈസൻസ് എടുത്ത ശേഷം ജീവനക്കാരെ നിയമിച്ച് കടകൾ നടത്തുകയാണ് ഇവരുടെ രീതി. കടയ്ക്കുള്ള കെട്ടിടവും മറ്റുസംവിധാനങ്ങളും തങ്ങൾ ഒരുക്കാമെന്നും ലൈസൻസ് ലഭിച്ചാൽ അപേക്ഷകന് നിശ്ചിത തുക മാസം നൽകാമെന്നും വാഗ്ദാനം ചെയ്യും. എന്നാൽ, ഇത്തരം നീക്കത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.
ഭക്ഷ്യധാന്യ ക്രമക്കേടുകൾ കണ്ടെത്തിയാൽ ലൈസൻസിയാണ് കുടുങ്ങുന്നതെന്ന് തിരിച്ചറിയാൻ പോലും കഴിയാത്തവരാണ് ബിനാമികളുടെ വലയിൽ കുരുങ്ങുന്നത്. ഏറെക്കാലമായി റേഷൻ കടകൾ അനുവദിക്കുമ്പോൾ സംവരണം പാലിച്ചിരുന്നില്ല. ആ കുറവു പരിഹരിക്കാനാണ്, സ്ഥിരമായി റദ്ദുചെയ്ത സംസ്ഥാനത്തെ 599 റേഷൻ കടകൾക്ക് ലൈസൻസ് നൽകാൻ മേയ് 16ന് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിൽ കൂടുതൽ റേഷൻകടകളും പട്ടികവർഗവിഭാഗങ്ങൾക്കാണ് സംവരണം ചെയ്തിട്ടുള്ളത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വനിതകൾ തുടങ്ങിയവരാണ് സംവരണവിഭാഗങ്ങൾ.
സാമ്പത്തിക പ്രതിസന്ധി മുതലെടുക്കും
ലൈസൻസിന് അപേക്ഷിക്കുന്നവർ ഒരുലക്ഷത്തിൽ കുറയാത്ത സോൾവൻസി സർട്ടിഫിക്കറ്റും 5,000രൂപയുടെ ബാങ്ക് ബാലൻസും ഉണ്ടാകണം. ഇതിന് പുറമേ അരിയും മറ്റ് റേഷൻ സാധനങ്ങളും എടുക്കുന്നതിനാവശ്യമായ പണം വേറെയും കണ്ടെത്തണം. 250 കാർഡ് ഉള്ള ഒരു കടയിൽ ബി.പി.എൽ, എ.എ.വൈ കാർഡുകൾ കഴിച്ച് സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിന് കുറഞ്ഞത് ആഴ്ചയിൽ 25,000രൂപ വേണ്ടിവരും. ഈ തുക കണ്ടെത്താൻ പലപ്പോഴും സംവരണ വിഭാഗത്തിലുള്ളവർക്ക് കഴിയാറില്ല. ഇത് മുതലെടുത്താണ് ബിനാമികൾ രംഗപ്രവേശം ചെയ്യുന്നത്.
പുതിയ ലൈസൻസ്
ജില്ലയിൽ 28കടകൾക്ക് ലൈസൻസ് നൽകുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ 18എണ്ണം സംവരണ വിഭാഗത്തിലും 10എണ്ണം ഭിന്നശേഷിക്കാർക്കുമായിരുന്നു. ലഭിച്ച അപേക്ഷകളിൽ 18എണ്ണം മാത്രമേ സാധുവായുള്ളൂ. ബാക്കിയുള്ളവ തള്ളിപ്പോയി. ഈ കടകൾക്കുള്ള നോട്ടിഫിക്കേഷൻ ഉടൻ ഉണ്ടാകും. എസ്.എസ്.എൽ.സി യോഗ്യത നിശ്ചയിച്ചായിരുന്നു റേഷൻ കട ലൈസൻസിന് ഇക്കുറി വിജ്ഞാപനം പുറപ്പെടുവിച്ചത്. 21 മുതൽ 62 വയസുവരെപ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ റേഷൻ കട നടത്തുന്നവരെയും അവരുടെ ബന്ധുക്കളെയും അപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ബിനാമികളെ തടയാനായിരുന്നു ഇത്. എന്നാൽ ഇതിനെ മറികടക്കുന്ന നീക്കമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്
റേഷൻകടകളും സംവരണവും (ശതമാനത്തിൽ)
ജനറൽ.........................65
സംവരണ വിഭാഗം
പട്ടികജാതി.....................8
പട്ടികവിഭാഗം.................2
ഭിന്നശേഷിക്കാർ............5
വനിതകൾ.....................20
"ജില്ലയിൽ 28 റേഷൻകടകൾക്ക് ലൈസൻസ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചതിൽ 18അപേക്ഷകളാണ് സാധുവായിട്ടുള്ളത്. സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ലൈസൻസ് കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
-ജില്ലാ സപ്ളൈഓഫീസർ, ആലപ്പുഴ