
ആലപ്പുഴ : ഓടുന്ന കിലോമീറ്ററിന്റെ ദൈർഘ്യം അളക്കാൻ ചില ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് മടിയെന്ന് പരാതി. ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിക്കാത്തതിനെതിരെ നേരിട്ടും ഓൺലൈനായും ധാരാളം പരാതികളാണ് ദിനംപ്രതി മോട്ടോർ വാഹന വകുപ്പിൽ ലഭിക്കുന്നത്.
കിലോമീറ്റർ അനുസരിച്ചാണ് ചാർജ് ഈടാക്കേണ്ടതെങ്കിലും ഇതിനുപകരം, മീറ്റർ പ്രവർത്തിപ്പിക്കാതെ തോന്നിയ നിരക്ക് ഈടാക്കുന്നതായാണ് പരാതി. പെർമിറ്റ് നൽകുന്ന കാലയളവിൽ നടത്തുന്ന പരിശോധനയല്ലാതെ, മീറ്റർ പ്രവർത്തിപ്പിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് തുടർ പരിശോധനകൾ പലപ്പോഴും നടക്കാറില്ല.
ഭൂരിഭാഗം ഓട്ടോറിക്ഷ തൊഴിലാളികളും നിലവിലെ നിരക്കനുസരിച്ചുള്ള ന്യായമായ തുക മാത്രം ഈടാക്കുമ്പോൾ ഒരു വിഭാഗം മാത്രമാണ് അമിത തുക ഈടാക്കി പേരുദോഷമുണ്ടാക്കുന്നത്. മിനിമം ചാർജ്ജ് 30 രൂപ ഈടാക്കേണ്ട സ്ഥാനത്ത് നാൽപ്പതും അൻപതും രൂപ ഈടാക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അമിത തുക ഈടാക്കിയ ഓട്ടാറിക്ഷകളിൽ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രീ പെയ്ഡ് സംവിധാനം തിരിച്ചുവരും
യാതര്ക്കാരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കുന്നതിനായി, നിർത്തലാക്കിയ പ്രീ പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടർ സംവിധാനം റെയിൽവേ സ്റ്റേഷനിൽ തിരിച്ചുകൊണ്ടുവരുമെന്ന് ജില്ലാ മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഏറെ നാളായി പ്രീ പെയ്ഡ് സംവിധാനം പ്രവർത്തിക്കാത്തത് സംബന്ധിച്ച് പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. രണ്ടാംഘട്ടമായി ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും പ്രീ പെയ്ഡ് ഓട്ടോറിക്ഷാ സംവിധാനം കൊണ്ടുവരും.
മീറ്റർ ഇടാതെ ഓടിയാൽ പിഴ : ₹2000
ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാത്തതും അമിത തുക ഈടാക്കുന്നതും സംബന്ധിച്ച് ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. പരിശോധനയിൽ കുറ്റം തെളിഞ്ഞാൽ രണ്ടായിരം രൂപ പിഴ ഈടാക്കും.ചൂഷണംതടയുക എന്ന ലക്ഷ്യത്തോടെ പ്രീ പെയ്ഡ് കൗണ്ടറുകൾ പുനരാരംഭിക്കും
- ജി.എസ്.സജിപ്രസാദ്, ആർ.ടി.ഒ, ആലപ്പുഴ