1

കുട്ടനാട് : വീയപുരം എടത്വ, മാമ്പുഴക്കരി, കിടങ്ങറ, വാലടി മുളയ്ക്കാം തുരുത്തി റോഡ് നിർമ്മാണം കെ.എസ്.ടി.പി എറ്റെടുത്തിട്ട് ഒരു വർഷം പിന്നിടാറായിട്ടും നവീകരണജോലികൾ ഇഴഞ്ഞ് നീങ്ങുന്നു.

2018ലെ പ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയ റോഡ് ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായി . കാൽനടയാത്ര വരെ ദുരിതത്തിലായ ഘട്ടത്തിലാണ് റോഡ് നവീകരിക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചത്. എം.സി റോഡിൽ നിന്ന് വാലടി മുളയ്ക്കാം തുരുത്തി, കുമരങ്കരി,മാമ്പുഴക്കരി, പുതുക്കരി ജംഗ്ക്ഷനും കടന്ന് തിരുവല്ല -അമ്പലപ്പുഴ റോഡിലൂടെ വീയപുരവുമായി കുട്ടനാടിനെ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണിത്. നീലംപേരൂർ, വെളിയനാട്, രാമങ്കരി, മുട്ടാർ,എടത്വാ പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നതുമാണ് ഈ റോഡ്. നിരവധി പാടശേഖരങ്ങൾ മുറിച്ചു കടന്നുപോകുന്ന റോഡിന്റെ വാലടി മുളയ്ക്കാം തുരുത്തി ഭാഗങ്ങളിണ് നവീകരണ ജോലികൾ ഇപ്പോൾ നടന്നു വരുന്നത്.

പുഞ്ചക്കൊയ്ത്തു കഴിഞ്ഞതോടെ റോഡിന്റെ ഇരുവശവും വെള്ളം നിറഞ്ഞ സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ ഓടയുടേയും കലുങ്കിന്റെയും നിർമ്മാണമുൾപ്പെടെയുള്ള നവീകരണ ജോലികൾ നീളുന്നത് പദ്ധതി സമയത്ത് പൂർത്തികരീക്കുന്നതിന് തടസമാകും.

ഒരു വർഷത്തിന് മുകളിലായി അളവുകൾ നടക്കുന്നതല്ലാതെ യാതൊരു നടപടിയും തുടങ്ങിയിട്ടില്ല അടിയന്തര പ്രാധാന്യത്തോടെ നിർമ്മാണം നടത്താൻ അധിതർ തയ്യാറാകണം

- പ്രമോദ് ചന്ദ്രൻ ,വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം

മാമ്പുഴക്കരി -എടത്വാ റൂട്ടിൽ മുപ്പതിൽ പാലംമുതൽ 88ൽ പാലം വരെയുള്ള ഭാഗം കൊയ്ത്തു കഴിഞ്ഞാൽ ഏത് സമയത്തും വെള്ളം കയറുകയും യാത്ര ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സ്ഥിതിയിലാണ്. റോഡ് പണി ഊർജ്ജിതമായെങ്കിൽ മാത്രമെ നാട്ടുകാരുടെ യാത്രാ ദുരിതത്തിന് ഒരു പരിഹാരം ഉണ്ടാകൂ

- കോയിപ്പുറത്ത് ജയപ്രകാശ്,പുതുക്കരി ജനസേവന കേന്ദ്രം ഉടമ

മൊത്തം ചെലവ് 108 കോടി

21.457 കിലോമീറ്റർ നീളമുള്ള റോഡിൽ 5.5 മീറ്റർ വീതിയോടെ ഇരുവശവും ഓട, നിലവിലെ കലുങ്കുകളുടെയെല്ലാം വീതികൂട്ടുക എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് 2020ലാണ് രൂപം നൽകിയത്. മൊത്തത്തിൽ 108 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയുടെ സർവ്വേ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു തൊട്ടടുത്ത വർഷം തന്നെ നടത്തിപ്പ് കെ എസ് ടി പി ഏറ്റെടുക്കുകയും ചെയ്തു.

. .