ambulance-palam

ദേവസ്വം വക സ്ഥലം വിട്ടുനൽകാൻ ധാരണയായി

മാന്നാർ: പത്തനംതിട്ട-ആലപ്പുഴ ജില്ലകളിലെ പരുമല-മാന്നാർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതും മാന്നാർ ടൗണിലെ ഗതാഗതത്തിരക്കിനു പരിഹാരമാകുന്നതുമായ കുരട്ടിക്കാട് കോട്ടയ്ക്കൽ കടവിൽ വലിയപാലമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ വഴി തെളിഞ്ഞു. 23 വർഷം മുമ്പ് നിർമ്മിച്ച ആംബുലൻസ് പാലത്തിലൂടെയാണ്

നിലവിൽ ജനങ്ങളുടെ സഞ്ചാരം. വലിയവാഹനങ്ങൾക്ക് പോകാൻ കഴിയാത്തതിനാൽ വേണ്ടത്ര പ്രയോജനം ഈ പാലം കൊണ്ട് ലഭിച്ചിരുന്നില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രണ്ട് വർഷംമുമ്പ് ഇവിടെ വലിയപാലം പണിയുന്നതിനായി നടപടികൾ സ്വീകരിച്ചിരുന്നു. ഭരണാനുമതി ലഭിക്കുകയും മണ്ണ്പരിശോധന അടക്കമുള്ള നടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും സാങ്കേതിക തടസങ്ങളിൽ കുരുങ്ങി പണി നീണ്ടുപോയി.

പത്തനംതിട്ട ജില്ലാ അതിർത്തിയായ കടപ്ര പഞ്ചായത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടണമെങ്കിൽ ദേവസ്വം ബോർഡിന്റെ സ്ഥലം വിട്ടുകിട്ടണമെന്നതായിരുന്നു വലിയ കടമ്പ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഇവിടം സന്ദർശിച്ചശേഷം സ്ഥലം വിട്ടുനൽകുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞദിവസം മന്ത്രിതലയോഗം ചേരുകയും 20 സെന്റ് സ്ഥലം പാലംപണിക്കായി വിട്ടുനൽകുവാൻ ദേവസ്വംബോർഡുമായി ധാരണയാവുകയും ചെയ്തു.

പാലം യാഥാർത്ഥ്യമായാൽ

മാന്നാറിലെ ഗതാഗതക്കുരുക്കിന്‌ കുറച്ചെങ്കിലും പരിഹാരമാകും. പരുമല പള്ളി, പമ്പാ കോളേജ്, പനയന്നാർ കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് തിരക്കിൽപ്പെടാതെ എളുപ്പത്തിൽ പോകാൻ കഴിയും. മാവേലിക്കര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മാന്നാർ സ്റ്റോർ ജംഗ്ഷനിലൂടെ കുരട്ടിക്കാട് വഴി ഈ പാലത്തിലൂടെ പരുമല തിക്കപ്പുഴ എത്തി ഉപദേശിക്കടവ് പാലത്തിലൂടെ തിരുവല്ല ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു സെമി ബൈപാസ് റോഡായി ഉപയോഗിക്കാം. ഉപദേശിക്കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരികയാണ്.

"കെ.ആർ.സി വായനശാല പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി നിരന്തരമായി ആവശ്യം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 23 വർഷങ്ങൾക്ക് മുൻപ് ആംബുലൻസ് പാലം യാഥാർത്ഥ്യമായത്. പിൽക്കാലത്ത് ഈ പാലത്തിലെ അസൗകര്യം ബോദ്ധധ്യപ്പെടുത്തി അന്തരിച്ച മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായർക്ക് കെ.ആർ.സി വായനശാല മെമ്മോറാണ്ടം സമർപ്പിച്ചതിന്റെ ഫലമായി 4 കോടി രൂപാ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. പിന്നീട് സജി ചെറിയാൻ എം.എൽ.എയുടെ ഇടപെടലിൽ 14 കോടിയായി തുക ഉയർത്തി ഭരണാനുമതി നേടിയെടുക്കുകയായിരുന്നു

- സലിം പടിപ്പുരയ്ക്കൽ, പ്രസിഡന്റ്, കെ.ആർ.സി വായനശാല

"പരുമല-മാന്നാർ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഗുണകരമാകുന്ന കോട്ടയ്ക്കൽകടവ് പാലം യാഥാർത്ഥ്യമാകേണ്ടത് അനിവാര്യമാണ്. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട പരുമലയിലെ മൂന്ന് അതിർത്തികളിലും വലിയ പാലങ്ങളുണ്ട്. നാലാമത്തെ ദിക്കിലും വലിയ പാലം വരുന്നതോടെ തീർത്ഥാടന കേന്ദ്രമായ പരുമലയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും

.-ഡൊമനിക് ജോസഫ് , രക്ഷാധികാരി. റെഡ്സ്റ്റാർ കലാ സാംസ്കാരിക വേദി