ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താനുള്ള യു.ഡി.എഫ് - ബി.ജെ.പി ഗൂഢാലോചനയ്‌ക്കെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. നഗരചത്വത്തിൽ നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ഇ.എം.എസ് സ്റ്റേഡിയത്തിൽ ചേർന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. വിഷയദാരിദ്ര്യം മൂലം പ്രതിപക്ഷം മനസ്സിൽ തോന്നുന്നത് വിളിച്ചുപറയുകയാണെന്ന് ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രിയെ പോലും ആക്രമിക്കാൻ ശ്രമിക്കുന്നത് ബോംബ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായ കെ.സുധാകരന്റെ നിർദ്ദേശപ്രകാരമാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് സർക്കാർ യു.ഡി.എഫിന്റെയും സംഘപരിവാർ ശക്തികളുടേയും കണ്ണിലെ കരടാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ജില്ലാ കൺവീനർ ആർ.നാസർ സ്വാഗതം പറഞ്ഞു. മന്ത്രി സജി ചെറിയാൻ, എ.എം.ആരിഫ് എം.പി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ്.കെ.തോമസ്, എം.എസ്.അരുൺകുമാർ, കേരളാ കോൺഗ്രസ് എം നേതാവ് ലോപ്പസ് മാത്യു, വി.ജി.രവീന്ദ്രൻ, സിബി ജോസ്, ഷിഹാബുദ്ദീൻ,എം.എ.അമീം, ഷാജി കടമല,അംബികാ വേണുഗോപാൽ, വി.വാസുദേവൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.