ആലപ്പുഴ: അമ്പലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ എച്ച്.സലാം എം.എൽ.എ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വഴിച്ചേരിയിൽ ഇന്ദിരാഗാന്ധിയുടെ പൂർണകായ പ്രതിമതകർത്ത സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ജില്ലയിൽ അഞ്ച് സ്ഥലങ്ങളിലാണ് രാജീവ് ഗാന്ധിയുടെ പ്രതിമ അടിച്ചു തകർത്തത്. സി.പി.എമ്മിന്റെ സംഘടിത ആക്രമണമാണ് കോൺഗ്രസ് പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ ഉയരുന്നത്. ഉത്തരവാദികളായ ആളുകളുടെ പേരിൽ പൊലീസ് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സഞ്ജീവ് ഭട്ട്, അഡ്വ.വി. ഷുക്കൂർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.