ആലപ്പുഴ: സമ്പൂർണ്ണ ശുചിത്വ പദവിയിലേക്കെത്താൻ നഗരസഭ കൈതവന വാർഡിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. 'നിർമ്മല ഭവനം,നിർമ്മല നഗരം 2, അഴകോടെ ആലപ്പുഴ" ക്യാമ്പയിന്റെ നാലാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കൈതവന വാർഡിൽ ശുചിത്വ സമതി രൂപികരിച്ചു. വാർഡ് കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ ബീന രമേശ്, കൗൺസിലർമാരായ എം.ആർ. പ്രേം, എ.എസ്.കവിത, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സുമേഷ് പവിത്രൻ, ഷെബീന , കാൻ ആലപ്പി പ്രവർത്തകർ ജെസ്‌ന, സരിഗ, ഐ.ആർ.ടി.സി പ്രവർത്തകർ വിഷ്ണു, നെർമിൻ ഹരിതകർമ്മസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ബയോബിൻ ചലഞ്ച്
ബയോബിൻ ചലഞ്ചിലൂടെ വാർഡിൽ മാലിന്യ സംസ്‌കരണ ഉപാധികൾ ഇല്ലാത്ത മുഴുവൻ വീടുകളിലും ബയോബിൻ ഉറപ്പാക്കും. നിലവിൽ ഹരിതകർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം വാർഡിൽ 27ശതമാനം ആണ്. ഇത് 100ശതമാനത്തിലേക്ക് എത്തിക്കും. ഗൃഹ സന്ദർശനം ,ബോധവത്കരണ ക്‌ളാസുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, ശുചിത്വ റാലികൾ ഉൾപ്പടെ നിരവധി പരിപാടികൾ വരും ദിവസങ്ങളിൽ വാർഡിൽ നടക്കും
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഹരിതകർമസേനയുടെ അജൈവമാലിന്യ ശേഖരണം തുടങ്ങിയവ പ്രാവർത്തികമാക്കി, പൊതുഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാത്ത ഒരു ശുചിത്വ സംസ്‌കാരം ജനങ്ങളിൽ വളർത്തിയെടുത്ത് പൊതുജന പങ്കാളിത്തത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളെയും പ്രദേശങ്ങളെയും മാലിന്യമുക്തമാക്കുക എന്നതാണ് 'നിർമ്മല ഭവനം,നിർമ്മല നഗരം 2, അഴകോടെ ആലപ്പുഴ" കാമ്പയിന്റെ ലക്ഷ്യം.
- സൗമ്യരാജ് നഗരസഭ ചെയർപേഴ്സൺ