photo

ചേർത്തല : കണ്ടമംഗലം ആറാട്ടുകുളം ശക്തി വിനായക ക്ഷേത്രം ശ്രീകോവിൽ പ്രതിഷ്ഠയുടെ ഭാഗമായുള്ള വിഗ്രഹ രഥഘോഷയാത്ര വിവിധ ക്ഷേത്ര കരകളെ ഭക്തിയിലാറാടിച്ച് പ്രയാണം തുടരുന്നു.
വിവിധ ക്ഷേത്രങ്ങളിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് രഥഘോഷയാത്രയെ ഭക്ത്യാദരപൂർവ്വം വരവേൽക്കുന്നത്. റോഡുകൾക്ക് ഇരു വശവുമുള്ള സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഭവനങ്ങളുടെ മുന്നിലും പുഷ്പ വൃഷ്ടി നടത്തുന്നുണ്ട്. ഘോഷയാത്ര കടന്നപോകുന്ന വീഥികൾക്ക് ഇരു വശവും ഗണേശസ്തുതികൾ പാടി കൂപ്പുകൈകളോടെ വിഗ്രഹത്തെ വണങ്ങിയാണ് യാത്രയാക്കുന്നത്.
പഴനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നുമുള്ള ദീപം കെടാവിളക്കിൽ പകർന്ന് വെള്ളിയാഴ്ച രാത്രി പള്ളുരുത്തി ഭുവനേശ്വരി ക്ഷേത്രത്തിൽ വിഗ്രഹം എത്തിച്ചിരുന്നു.
ഇന്നലെ രാവിലെ എസ്.എൻ.ഡി.പിയോഗം ചേർത്തല യൂണിയൻ അഡ്മിനിസ്‌ടേ​റ്റർ ടി. അനിയപ്പൻ ഭദ്റദീപം കൊളുത്തി രണ്ടാം ദിനത്തിലെ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു.
കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ, സംഘാടക സമിതി ചെയർമാൻ എൻ.രാമദാസ്, സലിം ഗ്രീൻവാലി,വി.കെ.അശോകൻ,ടി.ഡി. ഭാർഗവൻ,പ്രദീപ് കുമാർ,പി.എ ബിനു,സജിമോൻ,രാധാകൃഷ്ണൻ തേറാത്ത്, സുധീർ,കെ.പി. ആഘോഷ് കുമാർ,ജോഷി,ടി. ബിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ ക്ഷേത്രങ്ങളിലെ വരവേൽപ്പിന് ശേഷം ഇന്ന് രാത്രി കണ്ടമംഗലം രാജരാജേശ്വരി ദേവി ക്ഷേത്രത്തിൽ ഘോഷയാത്ര സമാപിക്കും.